കൊച്ചി: അപ്പാർട്ടുമെന്റുകളോ ഫ്ളാറ്റുകളോ വാങ്ങും മുന്പ് ഏജന്റുമാരും റിയൽ എസ്റ്റേറ്റ് പദ്ധതികളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നു റെറ ചെയർമാൻ പി.എച്ച് കുര്യൻ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ആൻഡ് ജിഎസ്ടി എന്ന വിഷയത്തിൽ കൊച്ചിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടനിർമാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാനാകൂ. ഇതിലെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കലുകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നുമുതൽ റെറയിൽ രജിസ്ട്രേഷൻ ഇല്ലാത്ത അപ്പാർട്ടുമെന്റുകളോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഇതുവരെ ഒക്യുപെൻസി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത എല്ലാ പ്രോജക്ടുകളും മാർച്ച് 31 നു മുന്പു റെറയിൽ രജിസ്റ്റർ ചെയ്ണം.
ജനുവരി ഒന്നു മുതൽ നിയമം കർശനമാക്കിയെങ്കിലും രജിസ്ട്രേഷൻ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. നിയമപ്രകാരം റെറയിൽ രജിസ്റ്റർ ചെയ്യാത്തതു പദ്ധതി തുകയുടെ 10 ശതമാനം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി അംഗം അഡ്വ.പ്രീത മേനോൻ, ടെക്നിക്കൽ സെക്രട്ടറി എച്ച്. പ്രശാന്ത്, അഡ്വ.കെ.വൈത്തീശ്വരൻ, മോഹൻ ആർ. ലാവി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ബ്രാഞ്ച് ചെയർമാൻ പി.ആർ.ശ്രീനിവാസൻ, വൈസ് ചെയർമാൻ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.