തിരുവനന്തപുരം: 60 അടി പൊക്കമുള്ള തെങ്ങിൻ മുകളിൽ നൂലിൽ കുരുങ്ങിക്കിടന്ന കാക്കയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. തെങ്ങോലകൾ ക്കിടയിൽ കാക്ക കുരുങ്ങിക്കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിക്കുന്നത്. തിരുവനന്തപുരം ഫയർസ്റ്റേഷൻ ഓഫീസിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഒന്നരമണിക്കൂറോളം പരിശ്രമിച്ച് കാക്കയെ രക്ഷപ്പെടുത്തുകയും ചെയ്തു.
കാലുകളും ചിറകുകളും കൂട്ടിക്കെട്ടിയ അവസ്ഥയിൽ കാക്ക കിടക്കുകയായിരുന്നു. ആഹാരം ലഭിക്കാതെ അവസ്ഥയിലുമായിരുന്നു. ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ വലിയ തോട്ട ഉപയോഗിച്ച് കാക്കയെ താഴെ എത്തിക്കുകയായിരുന്നു.
അതിനിടെ കാക്കയെ ഒരു പരുന്ത് റാഞ്ചാനുള്ള ശ്രമം നടത്തുന്നതും കാണാനായി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കാക്കയെ സുരക്ഷിതസ്ഥാനത്തേക്ക് വിട്ടു.