കാട്ടാക്കട : സ്വന്തം ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണ്ണുമാന്തികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് ( 40 ) മണ്ണു മാന്തി കൊണ്ടുള്ള അടിയേറ്റ് ഇന്നലെ മരിച്ചത്. കേസിൽ ഉൾ്പപെട്ട 5 പ്രതികൾ ഒളിവിലാണ്.
വിജിൻ എന്നപ്രതി മാത്രമാണ് ഇന്നലെ കീഴടങ്ങിയത്. മണ്ണ് മാഫിയ തലവൻ ചാരുപാറ സ്വദേശി സജു, ഉത്തമൻ എന്നിവർ ഉൾപ്പടെയുള്ള പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു.
സംഗീതിന്റെ പുരയിടത്തിൽ നിന്നും നിന്നും വെള്ളിയാഴ്ച പുലർച്ചെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ചെമ്പനകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാൻ എത്തിച്ച വാഹനങ്ങൾ. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ശ്രീഹരി, സങ്കീർത്തന എന്നിവർ മക്കളാണ്.
ഒളിവിലുള്ള ചാരുപാറ സജു പോലീസുകാരുടേയും റവന്യു അധികാരികളുടേയും ഉറ്റമിത്രമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 12 വർഷമായി കാട്ടാക്കടയിലും പരിസരത്തും മണ്ണ് വ്യാപാരം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച സജു രാഷ്ട്രീയക്കാർക്കും സുഹൃത്താണ്.
മണ്ണ് ഇടിക്കുന്ന വിവരം ആ സമയത്ത് കാട്ടാക്കട പോലീസിനെ അറിയിട്ടും അവർ എത്താൻ വൈകിയതിന് മതിയായ സമാധാനം പറയാൻ പോലീസിന് കഴിയുന്നില്ല. തന്റെ സമ്മതമില്ലാതെ അനുമതിയോടെ മണ്ണ് ഇടിക്കാൻ ആര് വന്നാലും സജു കമ്മീഷൻ ചോദിക്കും. മാത്രമല്ല സജുവിന്റെ കീഴിൽ ഗുണ്ടാസംഘവുമുണ്ട്. അവരെത്തി തടസ്സമുണ്ടാക്കും. അതിനാൽ തന്നെ മണ്ണ് ഇടിക്കാൻ വരുന്നവർ വഴങ്ങും എന്നതാണ് അവസ്ഥ.
അനധികൃതമായി മണ്ണിടിക്കുക, അത് കടത്തുക, മണ്ണ് മോഷണം നടത്തുക എന്നിവ സ്ഥിരം പതിവാണ്. സജുവിനെതിരെ ഇരുപത്തിനാലോളം പരാതികൾ പോലീസ് സ്റ്റേഷനിൽ ഉണ്ട്. ആരെങ്കിലും പരാതിയുമായി വന്നാൽ ഉടൻ സജു വിവരം അറിഞ്ഞിരിക്കും. സജു പിന്നെ പരാതിക്കാരനെ വിരട്ടും.
അതുകൊണ്ടു തന്നെ കാട്ടാക്കടക്കാർക്ക് പേടിയാണ് ഈ മാഫിയതലവനെ. അടുത്തിടെ വന്ന പോലീസ് ഉദ്യോഗസ്ഥൻ സജുവിനെ നോട്ടമിട്ടു. പിടികൂടാൻ കുരുക്കുമിട്ടു. എന്നാൽ വിവരം ചോർന്നതിനെ തുടർന്ന് സജു മുങ്ങി.
പിന്നാലെ പോലീസ് ഉദ്യോഗസ്ഥനു സ്ഥലം മാറ്റവും
തമിഴ്നാട്ടിലെ കളിയൽ, കുലശേഖരം, നെട്ട, കടയാലുമൂട് എന്നിവിടങ്ങളിൽ ഇയാൾക്ക് സങ്കേതമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടത്തെ ഗുണ്ടകളുമായി നല്ല ചങ്ങാത്തത്തിലാണ് സജു.
ഇവിടെ നിന്നും കാട്ടാക്കടയിൽ ഒതുക്കേണ്ടവനെ ഒതുക്കാൻ ഗുണ്ടകളെ കൊണ്ടുവന്ന ചരിത്രവും സജുവിന് ഉണ്ട്. സജു തമിഴ്നാട്ടിലാണെന്ന് ചില പോലീസുകാർ പറയുന്നുവെങ്കിലും കാട്ടാക്കടയിൽ തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാരുടെ മൊഴിയാണ് സജുവിനെതിരെ കേസ്സെടുക്കാൻ പോലീസിന് വഴങ്ങേണ്ടി വന്നത്.വിജിൻ സജുവിന്റെ നിർദ്ദേശപ്രകാരമാണ് കീഴടങ്ങിയതെന്ന് സംശയമുയർന്നിട്ടുണ്ട്.
വിജിനെ മാത്രം അറസ്റ്റ് ചെയ്ത് പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പരാതി വന്നിട്ടുണ്ട്. മാത്രമല്ല വിജിനെ കാട്ടാക്കട കോടതിയിൽ എത്തിച്ചത്. വളരെ രഹസ്യമായാണ്. മാധ്യമപ്രവർത്തകർ കാണാതെ ഊടുവഴികൾ ചുറ്റിയാണ് പോലീസ് എത്തി കോടതിയിൽ ഹാജരാക്കിയത്.
ഇവരുടെ അറസ്റ്റ് വൈകുന്നതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതികൾ സ്ഥലത്തുള്ളവരാണ്, അവരെ നാട്ടുകാർക്കും പോലീസിനും തിരിച്ചറിയാവുന്നതവരുമാണ്. അവരുടെ വീടുകളും അറിയാം. എന്നിട്ടും അവരെ പിടികൂടാനുള്ള ശ്രമമാണ് നീണ്ടുപോകുന്നത്.