തൃശൂർ: എൻഡോസൾഫാൻ ബാധിതരോടു സർക്കാർ ചെയ്തതു ഹിറ്റ്ലർ നടത്തിയതിനേക്കാൾ വലിയ ക്രൂരതയാണെന്നു മനുഷ്യാവകാശ പ്രവർത്തക ദയാബായ്. 2019ൽ പട്ടിണിസമരത്തിന്റെ ഭാഗമായി സർക്കാർ സമരക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. കുത്തക കമ്പനിക്കാർ സർക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സംശയമെന്നും ദയാബായ് പറഞ്ഞു.
ഈ മാസം 30നു തിരുവനന്തപുരത്തു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് കാസർഗോട്ടുനിന്നാരംഭിച്ച ബോധവത്കരണ പരിപാടിയുടെ ഭാഗമായി തൃശൂരിലെത്തിയ ദയാബായ് പ്രസ്ക്ലബിൽ പത്രസമ്മേളനത്തിലാണ് സർക്കാരിനെ വിമർശിച്ചത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഭരണത്തിലെത്തിയപ്പോൾ എൻഡോസൾഫാൻ ബാധിതരോടു തികഞ്ഞ അവഗണനയാണ് പ്രകടിപ്പിക്കുന്നത്. ഭരണമില്ലാതിരുന്നപ്പോൾ അവരുടെയടുത്തു പോകാനും മറ്റും തയാറായിരുന്നു. ഇപ്പോൾ കുട്ടികളുടെ അടുത്തു വന്നാൽ രോഗബാധയുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്.
2019 ജനുവരി 30നു സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പട്ടിണിസമരം നിർത്തിയതു മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ്. അന്ന് ഒത്തുതീർപ്പുവ്യവസ്ഥ ഒപ്പിട്ടുതരാൻ പറഞ്ഞപ്പോൾ എന്നെ വിശ്വാസമില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അതു വിശ്വസിച്ചു. എന്നാൽ മുഖ്യമന്ത്രി കബളിപ്പിച്ചുവെന്നു ദയാബായ് പറഞ്ഞു. നാലുമാസമായി ദുരിതബാധിതർക്കു പെൻഷൻ പോലുമില്ല.
ലിസ്റ്റിൽനിന്ന് ഒഴിവാക്കിയ 1,542 പേരെ രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുക, കാസർഗോഡ് ജില്ലയിൽ വിദഗ്ധ ചികിത്സ ലഭിക്കാനാവശ്യമായ സംവിധാനം ഒരുക്കുക, സുപ്രീംകോടതി വിധിയനുസരിച്ചുള്ള അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, ദുരിതബാധിത കുടുംബത്തിലെ ഒരംഗത്തിനു ജോലി നൽകുക, ബഡ്സ് സ്കൂളുകളിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്.
മാർച്ചിനുശേഷവും നടപടിയാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ദയാബായ് പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി തൃശൂർ കോ-ഓർഡിനേറ്റർ ജോസ് ചാലക്കുടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.