വടക്കഞ്ചേരി: കുതിരാൻ കുന്നിനു കുറുകേയുള്ള പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിലാക്കി. നിലവിലുള്ള ദേശീയപാതയുടെ ഓരത്തുകൂടി ട്രഞ്ച് കുഴിച്ച് കേബിൾവർക്ക് നടത്തുന്നതിനാൽ വാഹനതടസം പരാമവധി ഒഴിക്കാൻ ലക്ഷ്യമിട്ടാണ് കുതിരാനിൽ പണികൾക്ക് വേഗത കൂട്ടിയിട്ടുള്ളത്.
അടുത്തയാഴ്ച മുതൽ കുതിരാൻ ക്ഷേത്രംവഴി വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നതോടെ പണികൾ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.മാടക്കത്തറയിൽനിന്നും കുതിരാൻ കുന്നുവഴി വടക്കഞ്ചേരിയിലേക്കാണ് ഭൂഗർഭ വൈദ്യുതിലൈനിനായി ട്രഞ്ച് കുഴിക്കുന്നത്.
തമിഴ്നാട് പുകളൂരിൽനിന്നുള്ള വൈദ്യുതിടവറവുകൾ വഴിയാണ് വടക്കഞ്ചേരിവരെ എത്തുന്നത്. വടക്കഞ്ചേരിയിൽനിന്നും പിന്നീട് ഭൂമിക്കടിയിലൂടെയാണ് 28 കിലോമീറ്റർ ദൂരം കേബിൾ പോകുക.രാജ്യത്തെ തന്നെ ആദ്യത്തെ ഭൂഗർഭ വൈദ്യുതലൈനാണിത്. ഈ വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യേണ്ടതുണ്ട്.
കുതിരാൻ ഇരുന്പുപാലത്ത് മാത്രമാണ് വൈദ്യുതിലൈൻ ഭൂമിക്കടിയിലൂടെ അല്ലാതെ സ്ഥാപിക്കുന്നത്. ഇവിടെ പീച്ചിഡാമിന്റെ അധികജലം സംഭരിക്കുന്ന ഭാഗത്ത് പില്ലറുകൾ കെട്ടി അതിനു മുകളിലൂടെയാണ് കേബിളുകൾ കൊണ്ടുപോകുക.ഛത്തീസ് ഗഡിൽനിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് വടക്കഞ്ചേരിയിലെത്തിച്ച് പിന്നീട് ഹൈഡെൻസിറ്റി പൈപ്പുകളിലൂടെ മാടക്കത്തറ പവർസ്റ്റേഷനിലെത്തിക്കുന്നത്.
പദ്ധതിക്കായുള്ള ട്രാൻസിഷൻ സ്റ്റേഷന്റെ നിർമാണം കഐസ്ഇബിയുടെ വടക്കഞ്ചേരി സബ് സ്റ്റേഷനിൽ പൂർത്തിയാകുന്നുണ്ട്.