കൂത്തുപറമ്പ്: വേണ്ടത്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതു കാരണം ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു. പന്ത്രണ്ട് ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ നാലു പേർ മാത്രമാണ് ഉള്ളത്.
11 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ഒരു നോഡൽ ഓഫീസറും ഉൾപ്പെടെ പന്ത്രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരാണ് ജില്ലയിൽ വേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി നാലു പേർ മാത്രമാണ് ഉള്ളത്.
നേരത്തെ എട്ടു പേർ ഉണ്ടായിരുന്നതിൽ ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം കമ്മീഷണറേറ്റിലേക്കും മറ്റൊരാൾ ആലപ്പുഴയിലേക്കും സ്ഥലം മാറി പോയി. മറ്റു രണ്ടു പേർ മെറ്റേണിറ്റി അവധിയിലുമാണ്.
ഇതു കൊണ്ടു തന്നെ നിലവിലുള്ള ഓഫീസർമാർക്ക് മൂന്ന് ഓഫീസുകളുടെ ചുമതല കൂടി വഹിക്കേണ്ട അവസ്ഥയാണ്.നിലവിലുള്ള നാലു പേരിൽ രണ്ടു പേർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്.
ഹോട്ടലുകളിലെ പരിശോധന, പരാതികളിൻമേലുള്ള പരിശോധന, ബോധവത്കരണ ക്ലാസുകൾ ലൈസൻസ് മേള, ഭക്ഷ്യവിഷബാധ ഉൾപ്പെടെ പെട്ടെന്ന് ഉണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പരിശോധന തുടങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തേണ്ട പ്രവർത്തനങ്ങൾ ആവശ്യത്തിന് ഓഫീസർമാർ ഇല്ലാത്തതിനാൽ പ്രതിസന്ധിയിലാണ്.
ജില്ലയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണെന്ന ആക്ഷേപവും ഉണ്ട്.
ജില്ലയിൽ ഇതുവരെ പന്ത്രണ്ട് ഓഫീസർമാർ ഒരേ സമയം ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഓഫീസർമാരെ നിയമിക്കണമെന്ന് നിരവധി തവണ ഉന്നത ഉദ്യോഗസ്ഥർ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.