കോഴിക്കോട് : പുതിയങ്ങാടിയിലും പാവങ്ങാട്ടും കടകളിലും സ്കൂളിലും പൂട്ടുപൊളിച്ച് മോഷണം നടത്തിയ സംഭവത്തില്‍ മോഷ്ടാവിന്റെ വിരലടയാളം കണ്ടെത്തി.
വിരലടയാള വിദഗ്ധര്‍ ഇന്നലെ സംഭവസ്ഥലത്ത് പരിശോധന നടത്തിയതില്‍ നിന്നാണ് വിരലടയാളങ്ങള്‍ ലഭിച്ചത്. ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ സ്ഥിരം മോഷ്ടാക്കളുടെയും മുന്‍പ് കേസുകളില്‍ പ്രതികളായവരുടേയും വിരലടയാളം ശേഖരിച്ച് ഡാറ്റാബേസ് തയാറാക്കിയിട്ടുണ്ട്.
കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച വിരലടയാളം ഈ ഡാറ്റാബേസിലുള്ള വിരലടയാളങ്ങളുമായി താരതമ്യം ചെയ്യും. ഇതുവഴി നേരത്തെ കേസുകളില്‍ ഉള്പ്പെട്ടയാളാണോയെന്ന് കണ്ടെത്താനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വിരലടയാള പരിശോധനയ്ക്കു പുറമേ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മുഖം മറിച്ചിരിക്കുകയാണ്. അതിനാല്‍ മോഷ്ടാവാരാണെന്നത് അവ്യക്തമാണ്.
രൂപവും നടക്കുന്നതിന്റെ ചലനങ്ങളും പരിശോധിച്ചു വരികയാണ്. സംശയമുള്ളവരുടെ പട്ടിക തയാറാക്കി സിസിടിവിയില്‍ പതിഞ്ഞ രൂപത്തിലുള്ള ആരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടിയിലും പാവങ്ങാട്ടും കടകളിലും സ്കൂളിലും പൂട്ടുപൊളിച്ച് മോഷണം നടത്തിയത്. പുതിയങ്ങാടി ബിഇഎം യു.പി. സ്കൂളില്‍ പ്രധാനാധ്യാപികയുടെ മുറിയിലെ ഷെല്‍ഫ് തകര്‍ത്ത് കുട്ടികളുടെ സഞ്ചയികപ്പെട്ടിയിലെ 3000 രൂപ കവര്‍ന്നിട്ടുണ്ട്. ഇവിടെ മറ്റുരണ്ട് വാതിലുകളുടെ പൂട്ടും പൊളിച്ചിട്ടുണ്ട്.
രാവിലെ പ്രധാനാധ്യാപിക സ്കൂളില്‍ എത്തിയപ്പോഴാണ് വാതിലുകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍ കണ്ടത്. സ്കൂളിന് സമീപത്തെ എട്ടോളം കടകളിലും മോഷണം നടന്നിരുന്നു.
കൈതക്കല്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഷോപ്പ്, അത്തോളി വേളൂര്‍ സ്വദേശി ഇഖ്ബാലിന്റെ അക്സ കോഫി സ്റ്റാള്‍, പുതിയങ്ങാടി ഫലക്ക് വീട്ടില്‍ അഷറഫിന്റെ അബ്രാര്‍ ഹാര്ഡ്വേര് ഷോപ്പ്, കുന്നത്തുപാലം സ്വദേശി സിറാജുദീന്റെ നൂറിയ ടോയ്സ് ഷോപ്പ്, നടക്കാവ് സൂര്യയില്‍ വിനോദിന്റെ പി.പി. സ്റ്റോഴ്സ്, പാവങ്ങാട് ഷാലോം വീട്ടില്‍ റോളന്റ് മെല്‍വിന്റെ പവര്‍ ഇലക്ട്രിക്കല്‍സ്, പാവങ്ങാട്ട് ബസ്ബേയ്ക്ക് മുന്‍വശത്തെ സിഡി ആര്‍സി മെഡിക്കല്‍ ലാബ്, പാവങ്ങാട്ടെ കൊച്ചിന് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കൊച്ചിന് ബേക്കറിയില്‍ നിന്ന് 5000 രൂപയാണ് കവര്‍ന്നത്. ഇവിടെയുള്ള നിരീക്ഷണ ക്യാമറകള്‍ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട് . അക്സ കോഫി ഷോപ്പില്‍നിന്ന് ആയിരം രൂപയും മെഡിക്കല്‍ ലാബില്‍നിന്ന് ഒരു മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
പവര്‍ ഇലക്ട്രിക്കല്‍സ് ഷോപ്പില്‍ കുറച്ച് ചില്ലറത്തുട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് എലത്തൂര്‍ സിഐ സി. അനിതകുമാരി, പ്രിന്‍സിപ്പല്‍ എസ്ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരുമാസം മുമ്പ് പുതിയങ്ങാടി ബിഇഎം യുപി. സ്കൂളില്‍ നിന്ന് ആറ് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും മോഷണം പോയിരുന്നു. ഈ കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.