നാദാപുരം: പുറമേരി വെളളൂരിലെ വടക്കയില്‍ ശാന്തക്ക് കൃഷിയിടത്തിലെ മണ്ണ് പൊന്നാണ്. ഈ വര്‍ഷത്തെ പ്രളയ ജലത്തിലും ഏക്കര്‍ കണക്കിന് ഭൂമിയില്‍ നെല്‍ കൃഷി ചെയ്ത് നൂറ് മേനി കൊയ്യുകയാണ് ഈ വീട്ടമ്മ. കയ്യില്‍ തൂമ്പയെടുത്ത് കൃഷിയിടം ഒരുക്കുന്നതും വിത്തിടുന്നതും ഒറ്റയ്ക്ക് തന്നെ.
പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും പോകാതെ ആറാം വയസ്സില്‍ കൃഷിയിടത്തിലിങ്ങിയിട്ട് നാല്‍പ്പത്തി രണ്ട് വര്‍ഷം പിന്നിട്ട് കഴിഞ്ഞു. നെല്ലിന് പുറമെ എള്ള്,ചെറുപയർ കൃഷിയും സ്വന്തം പറമ്പില്‍ മരച്ചീനി, ചേമ്പ്,ചേന, തക്കാളി, പച്ചമുളക്,വാഴ,കയപ്പ, പടവലം, ചോളം, വെണ്ട, പയര്‍ തുടങ്ങിയവയും ഈ വീട്ടമ്മ കൃഷി ചെയ്യുന്നുണ്ട്.
സ്വന്തമായുളള മൂന്നര ഏക്കറിലും,നാലേക്കറോളം വരുന്ന മറ്റുളളവരുടെ തരിശ്ശായി കിടക്കുന്ന ഭൂമിയിലും ഇവർ കൃഷി ഇറക്കിയിട്ടുണ്ട്. തരിശ്ശായി കിടക്കുന്ന സ്ഥലത്ത് കൃഷി ഭവന്റെ സഹായത്തോടെ കൃഷി ചെയ്യുമ്പോള്‍ സബ്സിഡി ഉടമക്ക് തന്നെ വാങ്ങി കൊടുത്ത് വിളയുടെ ഒരു പങ്കും അവര്‍ക്ക് തന്നെ കൊടുക്കുകയാണ് പതിവ്.
വെളളൂരിലെ വയലോരം പാടശേഖര സമിതി സെക്രട്ടറി കൂടിയാണ് ശാന്ത.കൃഷിയെ കൂടാതെ പശു വളര്‍ത്തലിലും വിജയം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റേയും, കൃഷി വകുപ്പിന്റേയും സഹായത്തോടെ വിഷു പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്.
സ്കൂളുകളിലും,കര്‍ഷകര്‍ക്കും പച്ചക്കറി കൃഷിയെ കുറിച്ചും നിരവധി സ്ഥലങ്ങളില്‍ ക്ലാസെടുക്കുന്നുണ്ട്. മണ്ണാണ്ണ് ജീവതമെന്നാണ് ശാന്ത പറയുന്നത് മണ്ണാണ് എന്റെ മരുന്ന്. ജോലി ചെയ്ത് കാലില്‍ വേദന വന്നാല്‍ പാടത്തെ മണ്ണ് ശേഖരിച്ച് കാലില്‍ പുരട്ടിയാല്‍ വേദന ശമിക്കുമെന്നാണ് ഇവര്‍ പറയുന്നത്.രോഗികള്‍ക്കും, ചെറിയ കുട്ടികൾക്കും നെല്ല് അരിയാക്കി ഇവർ നൽകി വരുന്നു. ജില്ലക്ക് അകത്തും പുറത്തും വിവിധ പരിപാടികളിൽ ക്ലാസെടുക്കാന്‍ പോകാറുണ്ട്.
പുതിയ രീതിയിലുളള കൃഷിയെ കുറിച്ച് എവിടെ പരിശീലനമുണ്ടെങ്കിലും കൃഷി വകുപ്പ് അധികൃതര്‍ പരിശീലനത്തിന് അയക്കുന്നത് ശാന്തയെയാണ്.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ തന്റെ മക്കളെ പോലെ കൃഷിയെ പരിപാലിക്കുകയാണ് ഇവർ. നല്ല മഴക്കാലത്ത് പാടത്ത് വെളളം കയറുന്നത് ഇല്ലാതാക്കാന്‍ രാത്രി പത്ത് മണിക്കും കൃഷിയിടത്തിലിറങ്ങിയിട്ടുണ്ടെന്നും ശാന്ത പറഞ്ഞു.