ഉപ്പുതറ: പത്തേക്കറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. പത്തേക്കർ കാർമൽ സതീഷാണ് അറസ്റ്റിലായത്. ഭാര്യ ധന്യ ഡിസംബർ 21-നാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ധന്യ തൂങ്ങിനിൽക്കുന്നതുകണ്ട് സതീഷ് കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ധന്യയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അന്നുതന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം വീടിനോടുചേർന്ന പുരയിടത്തിൽ സംസ്കരിക്കണമെന്ന ധന്യയുടെ ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചു പൊതുശ്മശാനത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
പിന്നീട് പോലീസ് ഇടപെട്ടെങ്കിലും പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. അതിനുശേഷം നടന്ന അന്വേഷണത്തിലാണ് സതീഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.