നെടുങ്കണ്ടം: വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ തടഞ്ഞിട്ടതായി പരാതി. അരമണിക്കൂറോളം വാഹന പരിശോധനയുടെ പേരിൽ വിവാഹ സംഘത്തെ വഴിയിൽ തടഞ്ഞിട്ടു.
എഴുകുംവയൽ സ്വദേശിയുടെ മനഃസമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30-നാണ് നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായിരുന്നു വധു.
എഴുകുംവയലിൽനിന്നും യാത്ര ആരംഭിച്ച് കുമളി – മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്പോഴാണ് മൈലാടുംപാറയിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വരൻ സഞ്ചരിച്ച വാഹനം പിടികൂടിയത്. വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല.
വരൻ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹ സംഘത്തിലുണ്ടായിരുന്നവരും നേരിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. വരൻ സഞ്ചരിച്ചിരുന്ന വാഹനം സമീപവാസിയുടേതായിരുന്നു. ഈ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു.
വരൻ സഞ്ചരിച്ച വാഹനം അനധികൃത ടാക്സിയായതിനാലാണ് പിടികൂടിയതെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. വിവാഹ ചടങ്ങുകൾക്ക് കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികൾ നിലവിലുള്ളതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ വാഹനം മനപ്പൂർവം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞിട്ടതുമൂലം സമയനഷ്ടം സംഭവിച്ചതായും ഈസമയം സംസ്ഥാന പാതയിലൂടെ പോയ മറ്റു വാഹനങ്ങൾ പരിശോധിച്ചില്ലെന്നും മനഃപൂർവമായാണ് ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.