കോയന്പത്തൂർ: അശ്ലീല ചിത്രമെടുത്തതായി ഭീഷണിപ്പെടുത്തി വസ്ത്രവ്യാപാരിയിൽനിന്നും സ്വർണവും വാഹനവും പണവും കവർന്ന മലയാളികള്‍ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. തിരുപ്പൂർ അമ്മാംപാളയം സുധ (30), ഉടുമലൈ സെന്തിൽകുമാർ (56), പാലക്കാട് സതീഷ് (31), ചിറ്റൂർ കമൽ (50), അജയൻ (38) എന്നിവരാണ് കോയന്പത്തൂർ രാജവീഥി വിനോദ് കുമാറി (32)ന്റെ പരാതിയെ തുടർന്ന് പിടിയിലായത്.
ആർ.എസ്.പുരത്തിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന വിനോദ് കുമാറിന്റെ ഫോണിൽ വിളിച്ച് സംസാരിച്ച സുധയുമായി വിനോദ് കുമാർ സുധയുമായി പ്രണയത്തിലാകുകയും നേരിൽ കാണുന്നതിനായി ആനമലൈ പൂവലപരുത്തിയിലെ ഫാം ഹൗസിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതു വിശ്വസിച്ച് ഡിസംന്പർ 31ന് പൂവലപ്പരുത്തിയിലെത്തിയ വിനോദ് കുമാറിന്റെയും സ്വകാര്യനിമിഷങ്ങൾ വീഡിയോ എടുത്തതായി നടിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ സെന്തിൽകുമാറും സംഘവും വിനോദ് കുമാറിനെ ഭീഷണിപ്പെടുത്തി കഴുത്തിലണിഞ്ഞിരുന്ന അഞ്ചുപവന്റെ സ്വർണചെയിനും മീനാക്ഷിപുരം എടിഎമ്മിൽനിന്നും വിനോദ് കുമാറിന്റെ കാർഡ് ഉപയോഗിച്ച് 27.50 ആയിരം രൂപ പണവും ഹോണ്ടാ സിറ്റി കാറും കവരുകയായിരുന്നു.
തുടർന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വിനോദ് കുമാർ ആഴിയാർ പോലീസിൽ പരാതി നല്‍കുകയും പോലീസ് സുധയുൾപ്പെടെയുള്ള അഞ്ചംഗസംഘത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഒളിവിൽ കഴിയുന്ന ചിറ്റൂർ സ്വദേശി പ്രശാന്തി (24) നുവേണ്ടി അന്വേഷണം തുടങ്ങി.സംഘനേതാവ് സെന്തിൽകുമാറിന്റെ പേരിൽ മടത്തുക്കുളം, ഉടുമലൈ എന്നീ വിവിധ പോലീസ് റ്റേഷനുകളിൽ കേസുകളുണ്ട്.