വൈപ്പിൻ: ചൈന കൊറോണ വൈറസിന്റെ ഭീഷണിയിലായതു കേരളത്തിന്റെ ഞണ്ടു വിപണിക്കു വൻ തിരിച്ചടിയായി. കയറ്റുമതിക്കാർ ഇന്നലെ മുതൽ മൊത്തക്കച്ചവടക്കാരുടെ പക്കൽനിന്നു ഞണ്ട് സംഭരിക്കാതെ വന്നതോടെ പ്രാദേശികമായി ഞണ്ടുകൾ എടുക്കുന്ന ചെറുകച്ചവടക്കാർ ഞണ്ട് വാങ്ങുന്നതു നിർത്തിവച്ചു.
ചൈനയിലേക്കു കൂടുതലായി കയറ്റിപ്പോകുന്ന റെഡ് ഫീമെയിൽ ഇനത്തിൽപ്പെട്ട ഞണ്ടുകൾ ശനിയാഴ്ചമുതൽ എടുക്കില്ലെന്ന് മൊത്തക്കച്ചവടക്കാർ ചെറുകിടക്കാർക്ക് സൂചന നൽകിയിരുന്നു. മറ്റു ഞണ്ടുകളുടെ കാര്യം പറഞ്ഞിരുന്നില്ലെങ്കിലും ഇന്നലെ മുതൽ ഒരുതരത്തിലുള്ള ഞണ്ടുകളും ശേഖരിക്കാതെ മൊത്തക്കച്ചവടക്കാർ സംഭരണം നിർത്തിവയ്ക്കുകയായിരുന്നു.
പല ചെറുകച്ചവടക്കാരുടെയും പക്കൽ 25,000 മുതൽ രണ്ടു ലക്ഷം രൂപയുടെ വരെ ഞണ്ടുകൾ സ്റ്റോക്കുണ്ട്. മഡ് എക്സൽ, മഡ്, റെഡ് ഫീമെയിൽ തുടങ്ങിയ ഗ്രേഡ് അനുസരിച്ചു കിലോഗ്രാമിനു 2200, 1800, 1400, 950 രൂപ നൽകിയാണ് ഇവ വാങ്ങിവച്ചിട്ടുള്ളത്.
ഇത്രയും വലിയ വിലയ്ക്ക് ഇവ കറിവയ്ക്കാനായി പ്രാദേശിക വിപണിയിൽ ആരും വാങ്ങില്ലെന്നു കർഷകർ പറയുന്നു. ചൈനയിൽ പുതുവൽസരാഘോഷ സമയമായതിനാൽ ഞണ്ടിനു വൻ ഡിമാൻഡായിരുന്നു. ഇത് പ്രാദേശിക വിപണിയിൽ ഞണ്ട് വില കൂടാനിടയാക്കി.
ഞണ്ടുകൾ കയറ്റി അയക്കുന്ന മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ ടൂറിസ്റ്റ് സീസണായതും ഞണ്ടിനു ഡിമാൻഡ് വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് വില്ലനായി പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ പലയിടത്തും ഞണ്ടു കർഷകർ വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്ന സമയമാണിത്.
പൂർണവളർച്ച എത്തിയവയെ ഫാമിൽനിന്നു സമയത്തിനു പിടിച്ചെടുത്തില്ലെങ്കിൽ ഇവ നശിച്ചുപോകും. സീസണിൽ നിനച്ചിരിക്കാതെ ഞണ്ടുവിപണി സ്തംഭിച്ചതോടെ ഞണ്ട് കച്ചവടക്കാരും ഞണ്ട് കർഷകരും ഞണ്ട് പിടിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളും കനത്ത ആശങ്കയിലാണ്.
ഞണ്ടുകൾ ജീവനോടെ കയറ്റിപ്പോകുന്ന വസ്തുവായതിനാലാണ് വിലക്ക് വന്നിട്ടുള്ളതെന്നാണ് അറിയുന്നത്.
ചൈനയിലേക്ക് ഏറ്റവും കൂടുതൽ കയറിപ്പോകുന്ന ചുവന്നകാലൻ പെണ് ഞണ്ടുകൾ ഭക്ഷണത്തിലുപരി പ്രജനനത്തിനാണ് ഉപയോഗിക്കുന്നത്. ഇത്തരം ഞണ്ടുകൾ നിറയെ മുട്ടകളായിരിക്കും. ഇവയിൽനിന്നു കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ചൈന വിപണനം നടത്തുന്നുണ്ട്.