ന്യൂഡൽഹി: ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മകളും നടിയുമായ ഹീബ ഷാ വെറ്റനറി ക്ലിനിക്കിലെ ജീവനക്കാരെ മർദിച്ചതായി പരാതി. ജനുവരി 16 ന് മുംബൈയിലെ വെർസോവയിലാണ് സംഭവം. ഹീബയും സുഹൃത്ത് സുപ്രിയ ശർമയും രണ്ട് പൂച്ചകളുമായി ഉച്ചക്ക് 2.30ന് വന്ധീകരണത്തിന് എത്തിയപ്പോഴാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
ക്ലിനിക്കിലെത്തിയ ഹീബയോടും സുഹൃത്തിനോടും അഞ്ച് മിനിറ്റ് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മൂന്നു മിനിറ്റുകൾക്കു ശേഷം ഹീബ ജീവനക്കാരോട് കയർത്തു. കാത്തിരിപ്പിക്കാൻ താൻ ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചായിരുന്നു കയർത്തത്. ഇതോടെ മുതിർന്ന വനിതാ ജീവനക്കാരി ഇടപെട്ടു. ഇവരെ ഹീബ കൈയേറ്റം ചെയ്തു.
പുറത്തുപോകാൻ ആവശ്യപ്പെട്ട് എത്തിയ ജീവനക്കാരിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇതിനു ശേഷം ഇവർ ഇവിടെനിന്ന് പൂച്ചകളുമായി മടങ്ങി. ജീവനക്കാരുടെ പരാതിയിൽ വെർസോവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.