പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ പിതൃസഹോദരി കിം ക്യോംഗ് ഹുയി ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു.
ഇവർ പ്യോംഗ്യാംഗിലെ തിയറ്ററിൽ നടന്ന ചാന്ദ്രപുതുവർഷാഘോഷ പരിപാടികൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിമ്മിനും ഭാര്യ റി സോൾ ജുവിനും ഒപ്പമിരുന്നാണ് കിം ക്യോംഗ് പരിപാടികൾ കണ്ടത്.
കിമ്മിന്റെ പിതാവ് കിം ജോംഗ് രണ്ടാമന്റെ ഏകസഹോദരിയാണ് കിം ക്യോംഗ് ഹുയി. കിം ജോംഗ് രണ്ടാമൻ മരിച്ച ശേഷം 2011ലാണ് കിം ജോംഗ് ഉൻ അധികാരത്തിലെത്തിയത്.
2013 ഡിസംബറിൽ ചാരപ്രവർത്തനം ആരോപിച്ച് കിം ക്യോംഗിന്റെ ഭർത്താവ് ജംഗ് സോംഗിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതോടെയാണ് കിം ക്യോംഗിനെയും വധിച്ചെന്നു അഭ്യൂഹങ്ങൾ ഉയരുന്നത്.
പുതിയ ചിത്രം പുറത്തുവന്നതോടെ കിം ക്യോംഗ് വധിക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. വർക്കേഴ്സ് പാർട്ടിയുടെ ഡിപ്പാർട്ട്മെന്റൽ ഡയറക്ടറായും ഫോർ-സ്റ്റാർ ആർമി ജനറലായും കിം ക്യോംഗ് പ്രവർത്തിച്ചിട്ടുണ്ട്.