എരുമേലി: അർധരാത്രി മുതൽ പുലരും വരെ പടുതാ കുളത്തിൽ പിടി കൊടുത്തില്ല മൂർഖൻ. കരയിൽ തിങ്ങിക്കൂടിയ നാട്ടുകാരിൽ പലരും ഇതിനിടെ പിരിഞ്ഞുപോയിരുന്നു. പക്ഷെ, വാവ സുരേഷ് പിന്മാറിയില്ല.
വഴുക്കൽ നിറഞ്ഞ കുളത്തിലേക്ക് വടം കയറിൽ തൂങ്ങി ഇറങ്ങി നേരെ പാന്പിന്റെ അടുക്കലെത്തി വാലിൽ പിടിച്ച് പൊക്കിയെടുത്തു. കണ്ടുനിന്നവർ അന്പരന്നുനിൽക്കേ ഒരു കൈ വടം കയറിൽ മുറുക്കി മറു കൈയിൽ പത്തി വിടർത്തിയ മൂർഖനുമായി കരയിലെത്തി.
എരുമേലിക്കടുത്ത് വാഴക്കാല മണക്കുന്നേൽ അപ്പച്ചന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ആകാംഷയും ആശങ്കയും മുറുകിയ സംഭവം. അയൽവാസി പഴയതാവളം ഫൈസലാണ് തന്റെ വീടിന്റെ രണ്ടാം നിലയിൽ നിൽക്കുന്പോൾ സമീപ പുരയിടത്തിലെ പടുതാ കുളത്തിനുള്ളിൽ പാന്പിനെ കണ്ടത്.
അടുത്തെത്തി നോക്കിയപ്പോൾ മൂർഖൻ ആണെന്ന് ഉറപ്പായി. വിദഗ്ധ·ാരെയും വനപാലകരെയുമൊക്കെ അറിയിച്ചു. പക്ഷെ അപകടകാരിയായ മൂർഖനെ തൊടാൻ ആരുമെത്തിയില്ല. ഫൈസൽ ഒടുവിൽ വാവ സുരേഷിനെ ബന്ധപ്പെട്ടു.
രാത്രി 11 ആയതോടെ ഹാലജൻ ബൾബിന്റെ വെളിച്ചത്തിൽ കുരുക്കെറിഞ്ഞ് വാവയും നാട്ടുകാരും കാത്തിരിപ്പായി. ഒടുവിൽ പുലർച്ചെ അഞ്ചോടെ വാവ സുരേഷ് സാഹസികമായി കുളത്തിലിറങ്ങി മടയിൽ ഒളിച്ചിരുന്ന പാന്പിനെ പിടികൂടി.
ആറ് അടിയോളം നീളമുള്ള എട്ട് വയസുള്ള ആണ് വർഗത്തിലുള്ള മൂർഖനെയാണ് പിടികൂടിയതെന്ന് സുരേഷ് പറഞ്ഞു. പാന്പിനെ വനത്തിലെത്തിച്ച് തുറന്നുവിട്ടു.