സ്വന്തം ലേഖകൻ
തൃശൂർ: താരരാജാവും കൂട്ടരുമെത്തിയപ്പോൾ നാട്ടിക ബീച്ച് ഫെസ്റ്റിവൽ സാക്ഷ്യം വഹിച്ചത് ആഘോഷരാവിന്. നാട്ടിക ബീച്ച് ഫെസ്റ്റിവലിനെ ആഘോഷ തിമിർപ്പിൽ ലയിപ്പിച്ച് രാമുകാര്യാട്ട് അവാർഡ് സമർപ്പണം നടനു. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യം ഫെസ്റ്റിവലിനെത്തിയ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി.
പത്മശ്രീ എം.എ.യൂസഫലി ദാവോസിൽ നിന്ന് വീഡിയോ കോണ്ഫറൻസിലൂടെ ഫെസ്റ്റിവൽ ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.നാട്ടിക ബീച്ചിലെത്തുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി താൻ നിർമ്മിച്ചുനൽകുന്ന പാർക്കിന്റെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്ന് എം.എ.യൂസഫലി ഉറപ്പുനൽകി.
സംഗീത പരിപാടിക്കിടെ ബീച്ചിൽ തടിച്ചുകൂടിയ ആയിരങ്ങളെ ആവേശ തിമിർപ്പിലാഴ്ത്തി നടൻ മമ്മൂട്ടിയെത്തി. മികച്ച നടനുള്ള അവാർഡ് യു.എ.ഇ.ട്രൂത്ത് റിയൽ എസ്റ്റേറ്റ് കന്പനി എം.ഡി.അബ്ദുൾ സമദ് മമ്മൂട്ടിക്ക് സമ്മാനിച്ചു. നിർമാതാവ് ഗോകുലം ഗോപാലൻ പൊന്നാട അണിയിക്കലും, മാത്യു ഫ്രാൻസീസ് കാട്ടൂക്കാരൻ പ്രശസ്തിപത്ര സമർപ്പണവും നിർവ്വഹിച്ചു.
ഇത്രയും കാലമായിട്ടും ജനങ്ങൾ മറക്കാത്ത രാമു കാര്യാട്ടിന്റെ പേരിൽ പുരസ്കാരം നൽകി ഓർക്കുന്നതിൽ കലാകാരനെന്ന നിലയിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
കാലങ്ങൾ കടന്നുപോകുന്പോൾ കലാകാര·ാരുടെ സേവനങ്ങളും നേട്ടങ്ങളും പ്രകീർത്തിക്കുന്നത് മലയാളികൾക്ക് ശീലമുള്ളതാണ്.മലയാളി സംസ്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിക ബീച്ച് മികച്ചൊരു ഡെസ്റ്റിനേഷൻ കേന്ദ്രമാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
മികച്ച നടി നൈല ഉഷക്കൊപ്പം ഉണ്ണിമുകുന്ദൻ, അനു സിത്താര, ധർമ്മജൻ, സൈജു കുറുപ്പ്, മിയ ജോർജ്ജ്, ഇനിയ, മാസ്റ്റർ അച്യുതൻ, ബിബിൻ ജോർജ്ജ്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയ താരങ്ങളും വിജയ് യേശുദാസും അവാർഡുകൾ ഏറ്റുവാങ്ങി.
പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ നൽകിയ സ്നേഹോപഹാരം സംഘാടകസമിതി ചെയർമാൻ അനിൽ പുളിക്കലിന് മമ്മൂട്ടി സമ്മാനിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു,പി.എം.സിദ്ദിഖ്,കെ.കെ.അബ്ദുൾ ലത്തീഫ്, കണ്ണൻ എൻ.പ്രഭാവതി എന്നിവർ സംസാരിച്ചു. അവാർഡ് നിശക്ക് ആവേശം പകർന്ന് മെഗാ ഡാൻസ് മ്യുസിക്ഷോയും അരങ്ങേറി.