പെരുന്പടവ്: സദാചാര പോലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന എട്ടംഗംസംഘം അറസ്റ്റിൽ. പെരുന്പടവ് കരിപ്പാൽ റോഡിലെ ഒരു വർക്ക് ഷോപ്പ്
കേന്ദ്രീകരിച്ച് ഒരുസംഘം ആളുകൾ കുറേക്കാലമായി ഇതരസംസ്ഥാന തൊഴിലാളികളെ പോലീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു വരികയായിരുന്നു.
പെരുന്പടവ് സ്വദേശികളായ സുരാജ്, ജിജോ, സജൊ, മനോജ്, അജേഷ്, ഷുഹൈബ്, ഷിബു, ദീപക് എന്നിവരെയാണ് പെരിങ്ങോം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഒരാളെകൂടി പിടികൂടാനുണ്ട്.
വർക്ക് ഷോപ്പിന് സമീപത്തെ കെട്ടിടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ താമസിച്ചുവരുന്നുണ്ട്. ഈ തൊഴിലാളികൾ കൂലിപണിയെടുത്ത് നാട്ടിലേക്ക് പണം അയക്കാൻ പോകുന്നത് മനസിലാക്കി അവരിൽ നിന്ന് ആദ്യകാലങ്ങളിൽ 500, 1000 രൂപ വീതം പിടിച്ചുവാങ്ങിയിരുന്ന മാഫിയ സംഘം അടുത്തകാലത്തായി വലിയ തുകകൾ പിടിച്ചുപറിച്ച് വീതംവയ്ക്കുകയായിരുന്നു.
രണ്ടാഴ്ച മുന്പ് നാട്ടിലേക്ക് പണം അയയ്ക്കാൻ പോയ തൊഴിലാളികളുടെ 70,000 രൂപ ഈ സംഘം പിടിച്ചുപറിച്ചതായി പറയുന്നു. ഇത് ചോദ്യംചെയ്ത തൊഴിലാളിയെ മർദിച്ച് അവശനിലയിലാക്കി. നാട്ടുകാരാണ് ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഓപ്പറേഷൻ അടക്കമുള്ള ചികിത്സ വേണ്ടിവന്നു ആ തൊഴിലാളിക്ക്.
ശനിയാഴ്ചകളിൽ ആഴ്ചയിൽ പണിയെടുത്ത മുഴുവൻ കൂലിയും ലഭിക്കുമെന്നും ഇത് കൈവശമുണ്ടാകുമെന്നും അറിയാവുന്ന ഗുണ്ടാസംഘം കഴിഞ്ഞ 25 ന് രാത്രി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് അതിക്രമിച്ച് കയറി 54,000 രൂപ പിടിച്ചുപറിച്ചു. പണം കൊടുക്കാൻ തയാറാകാതിരുന്നതിന് ദേഹമാകെ കത്തികൊണ്ട് വരയുകയും കഴുത്തിൽ കത്തിവെച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകുയം ചെയ്തു.
ഇന്നലെ രാവിലെയോടെ ഇതറിഞ്ഞ നാട്ടുകാർ ഗുണ്ടാസംഘത്തിലെ നാലുപേരെ പിടികൂടി പെരിങ്ങോം പോലീസിൽ ഏൽപിച്ചു. ഈ ഗുണ്ടാസംഘം സജീവ രാഷ്ട്രീയ പ്രവർത്തകരും ഉന്നത പിടിപാടും ഉള്ളതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായും പറയുന്നു. പോലീസ് സംഘം തൊഴിലാളികളോടെ പണം തിരിച്ചുവാങ്ങി തരാമെന്നും കേസിൽ നിന്ന് പിന്മാറണമെന്നും പറഞ്ഞതായി പറയുന്നു.
അല്ലാത്തപക്ഷം കേസ് തീരുന്നതുവരെ ഏകദേശം മൂന്നുവർഷക്കാലം നാട്ടിൽ പോകാൻ കഴിയില്ലാ എന്നും പണം അതുവരെ കിട്ടില്ലെന്നും പറഞ്ഞു. ഭയന്നുപോയ തൊഴിലാളികൾക്ക് നാട്ടുകാരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് മനസിലാക്കിയ പോലീസ് കേസുമായി മുന്നോട്ടുപോകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ നിന്ന് കത്തിയടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.