ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമം തുടരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം ചൈനീസ് സര്‍ക്കാരുമായി ചർച്ച നടത്തി. മലയാളി വിദ്യാർഥികളടക്കം 250ലേറെ ഇന്ത്യക്കാരാണ് വുഹാനിൽ കുടുങ്ങികിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, തെലുങ്കാനയിൽ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം ഉയർന്നിട്ടുണ്ട്. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഹൈദരാബാദ് സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ സർക്കാർ ഫീവെർ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. രാജസ്ഥാന്, ബിഹാര്‍, ബംഗളൂരു സ്വദേശികളെയും രോഗലക്ഷണങ്ങള്‍ കണ്ടതുമൂലം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളവും അതീവജാഗ്രതയിലാണ്. കേരളത്തിൽ 436 പേർ നിരീക്ഷണത്തിലാണ്. ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളിൽ നിന്ന് തിരികെ വന്നവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരോട് സ്വന്തം വീടുകളിൽ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.