തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ജമീല.
എസ്എസ്എൽസി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദർശൻ പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു.
കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായി ജനിച്ചു.
“റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്.
ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടൽ” എന്ന സിനിമയിൽജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്.