കോട്ടയം: കഞ്ചാവ് മാഫിയയ്ക്കെതിരെ പരാതി നൽകിയതിനു വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാ സംഘാംഗമായ യുവാവിനെ റിമാൻഡ് ചെയ്തു. അതിരന്പുഴ പള്ളിപ്പറന്പിൽ അഖിൽ ജോസഫാ (26) ണ് അറസ്റ്റിലായത്.
അതിരന്പുഴ സ്വദേശിയായ താമരാക്ഷൻ കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുരജ, മകൻ ശ്രീജിത്ത് എന്നിവരെ ഗുണ്ടാ സംഘം രണ്ടാഴ്ച മുൻപ് വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
എട്ടു മാസം മുൻപ് ഇതേ പരാതിയുടെ പേരിലാണ് താമരാക്ഷനെ ഗുണ്ടാ അക്രമി സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിരന്പുഴ, ആർപ്പൂക്കര, നാൽപ്പാത്തി മല എന്നിവിടങ്ങളിൽ എറണാകുളത്തുനിന്നും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം ഗുണ്ടാ സംഘങ്ങളുടെ തണലിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഈ പരാതികൾക്കു പിന്നിൽ താമരാക്ഷനാണെന്ന് സംശയിച്ചാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി അന്വേഷണം നടത്തിയപ്പോഴാണ് അഖിലിനെ അറസ്റ്റു ചെയ്തത്.
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്ഐ ടി.എസ്. റെനീഷ്, അഡീഷണൽ എസ്ഐ ബിനു, സിവിൽ പോലീസ് ഓഫിസർമാരായ ഗിരീഷ്, അനീഷ്, ബാബു, രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അതിരന്പുഴ നാൽപ്പാത്തിമല പെരുന്പറന്പിൽ ജോർജിന്റെ മകൻ ജോബിസ് ജോർജ് (20) റിമാൻഡിലാണ്.