ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഓട്ടോറിക്ഷയിൽ ‘ഐ ലവ് കെജ്രിവാൾ’ സ്റ്റിക്കർ പതിച്ച ഓട്ടോ ഡ്രൈവർക്ക് 10,000 രൂപയുടെ ചലാൻ പിഴയടക്കണമെന്നാവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി.
ഡൽഹി സർക്കാർ, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഹർജിയിൽ മാർച്ച് മൂന്നിനാണ് വീണ്ടും വാദം കേൾക്കുന്നത്.
ജനുവരി 15ന് അപ്പോളോ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് രാജേഷ് എന്നയാളുടെ ഓട്ടോ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്.
പിഴ ചുമത്തിയതിനെതിരെ രാജേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയെയും കേജരിവാളിനെയും പിന്തുണച്ചുക്കൊണ്ടുള്ള പരസ്യം പതിച്ചെന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയതെന്നും പരാതിയിൽ പറയുന്നു.
മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനാണ് പിഴ ശിക്ഷയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പ്രതികരിച്ചത്.
എന്നാൽ ഒരു വ്യക്തി കാശുമുടക്കി പോസ്റ്റർ പതിച്ചത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നു രാജേഷിന്റെ അഭിഭാഷകൻ വാദിച്ചു. 2018ൽ സർക്കാർ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശവും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജനുവരി 14നാണ് ഡൽഹിയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഫെബ്രുവരി എട്ടിനാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്.