പോട്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനലില്‍. ഓസ്ട്രേലിയയെ 74 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 233. ഓസ്ട്രേലിയ 43.3 ഓവറില്‍ 159ന് എല്ലാവരും പുറത്ത്. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ആകെ നാലു വിക്കറ്റ് സ്വന്തമാക്കിയ കാര്‍ത്തിക് ത്യാഗിയാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. യശസ്വി ജയ്സ്വാളും ദിവ്യംശ് സക്സേനയും ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നല്കി. 9.5ല്‍ ഇന്ത്യന്‍ സ്കോര്‍ 35ല്‍ വച്ച് സക്സേന (14) പുറത്തായി. പിന്നീട് ഇന്ത്യക്ക് 19 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി.
എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന് അര്‍ധ സെഞ്ചുറി കടന്ന ജയ്സ്വാള്‍ ധ്രുവ് ജുരെലുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ നൂറു കടത്തി. സ്കോര്‍ 102ലെത്തിയപ്പോള്‍ ജയ്സ്വാളെ തന്‍വീന്‍ സാംഗ് ക്ലീന്‍ബൗള്‍ഡാക്കി. 82 പന്തില്‍ ആറു ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയില്‍ താരം 62 റണ്‍സ് നേടി.
അധികം റണ്‍സെടുക്കാതെ മുന്‍നിര പെട്ടെന്ന് വീണതോടെ ഇന്ത്യന്‍ സ്കോറിംഗിന്റെ ഉത്തരവാദിത്തം മധ്യനിര നിരയിലായി. സിദ്ധേഷ് വീറ (25), അഥര്‍വ അങ്കോല്കര് (55 നോട്ടൗട്ട്), രവി ബിഷ്നോയി (30) എന്നിവരുടെ പ്രകടനം ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചു.
ഇത്തവണ ബൗളിംഗില്‍ അധികം തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗില്‍ തിളങ്ങിയ ബിഷ്നോയി അങ്കോല്കര്ക്കൊപ്പം ചേര്‍ന്ന് നേടിയ 61 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ബാറ്റിംഗിന്റെ നട്ടെല്ലായത്.
കോറി കെല്ലി, ടോഡ് മര്‍ഫി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മാത്യു വില്യംസ്, കോണര്‍ സള്ളി, സാംഗ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽതന്നെ തിരിച്ചടിയേറ്റു. മൂന്നുപേര്‍ ആദ്യ ഓവറില്‍ പുറത്തായി. ആദ്യ പന്തില്‍ ജേക് ഫ്രേസര്‍ മാക്ഗ്രുക് റണ്ണൗട്ടായി.
നാലാം പന്തില്‍ മകെന്‍സി ഹാര്‍വി (4)യും അടുത്ത പന്തില്‍ ലക് ലന് ഹീറനും (0) പുറത്തായി. മൂന്നാം ഓവറില്‍ ഒളിവര്‍ ഡേവിസിനെ (2) ത്യാഗി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഓസ്ട്രേലിയ നാലു വിക്കറ്റിന് 17 എന്ന നിലയിലായി. എന്നാല്‍ ഒരുവശത്ത് സാം ഫാന്നിംഗ് പിടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു.
ഫാന്നിംഗ് – പാട്രിക് റോവ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ടു നയിക്കുമെന്നു തോന്നി. 51 റണ്‍സെടുത്ത ഈ സഖ്യത്തെ ത്യാഗി പൊളിച്ചു. റോവ് (21) വിക്കറ്റ്കീപ്പര്‍ ജൂരെലിനു ക്യാച്ച് നല്കി. ഫാന്നിംഗിനൊപ്പം ലിയാം സ്കോട് ചേര്‍ന്ന് പിടിച്ചുനിന്നെങ്കിലും സ്കോറിംഗിനു വേഗതയില്ലായിരുന്നു.
81 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച ഈ സഖ്യത്തെ ബിഷ്നോയി പൊളിച്ചു. സ്കോട് (35) വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ച് നല്കി. 40.1 ഓവറില്‍ ആറു വിക്കറ്റിന് 149 എന്ന നിലയിലായി അപ്പോള്‍ ഓസ്ട്രേലിയ.
അടുത്ത ആറു റണ്‍സ് എടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ ശേഷിച്ച നാലു വിക്കറ്റുകള്‍ നിലംപൊത്തി. ഇതില്‍ 127 പന്തില്‍ ഏഴ് ഫോറും മൂന്നു സിക്സും നേടിയ ഫാന്നിഗിന്റെ (75) വിക്കറ്റുമുണ്ടായിരുന്നു. നാലു വിക്കറ്റില്‍ മൂന്നെണ്ണം ആകാശ് സിംഗാണ് സ്വന്തമാക്കിയത്. ഒരണ്ണം റണ്ണൗട്ടായിരുന്നു.