തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം. നയപ്രഖ്യാപനപ്രസംഗത്തിനായി എത്തവെയാണു നടുത്തളത്തിൽവച്ച് ഗവർണറെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞത്. ഇവരെ പിന്നീട് വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് നീക്കി.
മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം നിൽക്കുന്പോഴാണു പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. ഗവർണർ പ്രധാനകവാടത്തിനു മുന്നിൽ നിൽക്കുന്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയർത്തി.
സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷമാണ് ഗവർണർ സഭയിലേക്ക് എത്തുന്നത്.