കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയല്‍ പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഭാഗം ഹര്‍ജി നല്കി.
കേസ് അന്വേഷണത്തെ ബാധിക്കുന്ന വിധത്തിലുള്ള യാതൊന്നും സീരിയലില്‍ പ്രതിബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചാനലിനു വേണ്ടി സത്യവാങ്മൂലം നല്‍കിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
കൂടാതെ താമരശേരി കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ സീരിയലിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സീരിയലില്‍ അന്വേഷണത്തിന് തടസമായിട്ടുള്ളതൊന്നുമില്ലെന്ന് വടകര റൂറല്‍ എസ്പി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.
എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അന്വേഷണസംഘം പറയുന്നു. സീരിയലിനെതിരേ അന്വേഷണസംഘം നിയമനടപടി സ്വീകരിച്ചിട്ടില്ല.
സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് ബാവയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷിയായ തന്നെ പോലും കുറ്റവാളിയായാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നായിരുന്നു ഹര്‍ജി.
അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യമാണ് സീരിയലില്‍ പ്രതിബാധിക്കുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും കൂടി വാദം കേള്‍ക്കുന്നതിനായി കേസ് 30 ലേക്ക് മാറ്റിയിരിക്കുകയാണ്.
ഒരാഴ്ച മുമ്പാണ് സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്. സീരിയലിന്റെ പ്രമേയത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
സാധാരണ പ്രേക്ഷകരില്‍ സീരിയല്‍ കേസിനെക്കുറിച്ച് മുന്‍വിധിയുണ്ടാക്കുമെന്നും വിചാരണയെ സ്വാധീനിക്കുമെന്നുമാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
സത്യസന്ധവും സുതാര്യവുമായ വിചാരണയ്ക്ക് പ്രതികള്‍ക്കും പ്രോസിക്യൂഷനും അവകാശമുണ്ടെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചിരുന്നു. സീരിയല്‍ സുതാര്യമായ നീതി നടത്തിപ്പിലുള്ള കടന്നുകയറ്റമാണന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സുമന് ചക്രവര്‍ത്തി ബോധിപ്പിച്ചു.
കേസില്‍ സംസ്ഥാന പൊലീസ് മേധാവി, ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍, സീരിയല്‍ സംവിധായകന് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലന്നും സാക്ഷികളെ വേറൊരു തരത്തില്‍ ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണന്നും സാക്ഷികളുടെ സ്വകാര്യതയേയും വ്യക്തി ജീവിതത്തേയും ഹനിക്കുകയാണന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി സ്റ്റേ ചെയ്തത്.
കൂടത്തായി കൊലപാതക പരമ്പര ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉള്‍പ്പെടെ നിര്‍മിക്കുന്ന സിനിമകള്‍ക്കും ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിനുമെതിരെ താമരശേരി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.
ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമയും നടിയുമായ ഡിനി ഡാനിയല്‍, സ്വകാര്യ ചാനൽ തുടങ്ങിയ കക്ഷികള്‍ക്കെതിരെ കൂടത്തായ് കേസിലെ മുഖ്യപ്രതി ജോളി തോമസിന്റെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി രഞ്ചി വില്‍സണ്‍ എന്നിവരാണു കോടതിയെ സമീപിച്ചത്.