എരുമേലി: ചരള സെന്റ് മേരി ഭാഗത്ത് ആൾ താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനു പരിശീലനം നൽകുകയും മാനസിക വിഭ്രാന്തിക്ക് കൊടുക്കുന്ന ലഹരി അനുഭവപ്പെടുന്ന മരുന്ന് ഉപയോഗിച്ചിരുന്നതുമായ രണ്ട് യുവാക്കളെ നാല് ഗ്രാം കഞ്ചാവുമായി റെയ്ഡിൽ പിടികൂടിയെന്ന് എക്സൈസ്.
കഞ്ചാവ് വിറ്റയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ഒരു സംഘം ആളുകൾ ആയുധങ്ങളുമായെത്തി തടയുകയും തുടർന്നു പോലീസിന്റെ സഹായത്തോടെ റെയ്ഡ് തുടർന്നപ്പോൾ കണ്ടെത്തിയ കഞ്ചാവ് വീട്ടുടമയുടെ മകൻ നശിപ്പിച്ചുകളഞ്ഞെന്നും പരാതി. കഴിഞ്ഞ ദിവസം വിദ്യാർഥികളെ മർദിച്ച് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു.
മർദനമേറ്റ സംഭവത്തിൽ പോലീസിൽ പരാതി നൽകിയ വിദ്യാർഥിയും ബന്ധുക്കളും കേസ് വേണ്ടെന്നുവച്ചതിനാൽ സ്കൂൾ അധികൃതർ നൽകിയ പരാതി മുൻനിർത്തി പ്രതികൾക്കെതിരെ പെറ്റി കേസ് എടുക്കേണ്ടിവന്നെന്നു പോലിസ്. വിദ്യാർഥിയുടെ ബന്ധുക്കൾ പരാതി പിൻവലിച്ചതിനെപ്പറ്റി വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പരാതികൾ പിൻവലിച്ചാൽ ലഹരി സംഘത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കഴിയാതെയാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ചരള ഈറയ്ക്കൽ മുഹമ്മദ് ഷിബിൻ (21), കുളത്തുങ്കൽ അഫ്സൽ അലിയാർ (19) എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡിൽ ഇവരിൽനിന്ന് നാല് ഗ്രാം കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ ഇടവഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തെന്ന പരാതിയിൽ ഇവർക്കെതിരെ എരുമേലി പോലീസ് കേസെടുത്തിരുന്നു.
തുടർന്നാണ് ഇവരെ നിരീക്ഷിക്കുകയും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നറിഞ്ഞ് റെയ്ഡ് നടത്തി പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. യുവാക്കളെ ചോദ്യം ചെയ്തതിൽ മാനസിക വിഭ്രാന്തിക്കു കൊടുക്കുന്ന ഡൈസോസൾഫാൻ എന്ന ഗുളിക ഉപയോഗിച്ചിരുന്നതായി പറഞ്ഞു.
ഇവർക്ക് കഞ്ചാവ് വില്പന നടത്തിയ ചരളസ്വദേശി എട്ടുവീട്ടിൽ ഷഹനാസ് ഹബീബിന്റെ വീട് റെയ്ഡ് നടത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡ് നിർത്തി മടങ്ങേണ്ടി വന്ന ഉദ്യോഗസ്ഥർ പിന്നീട് പോലീസിന്റെ സഹായത്തോടെയാണു വീണ്ടുമെത്തി റെയ്ഡ് നടത്തിയത്. റെയ്ഡിൽ വീട്ടിൽനിന്നു കഞ്ചാവ് കണ്ടെത്തിയെങ്കിലും കേസിലെ പ്രതിയായ വീട്ടുടമയുടെ മകൻ ബലമായി പിടിച്ചെടുത്ത് നശിപ്പിച്ചു കളഞ്ഞെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത് സംബന്ധിച്ചു പോലീസിനു എക്സൈസ് ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുണ്ട്.
ലഹരിക്കുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് സ്കൂൾ വിദ്യാർഥികളിൽനിന്നും പ്രതികൾ പണം പിടിച്ചു പറിച്ചെതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നാലംഗ സംഘമാണു പണം പിടിച്ചുപറിച്ചത്. ഇവരിൽ രണ്ട് പേരാണ് അറസ്റ്റിലായത്. മറ്റു രണ്ടു പ്രതികളെ കൂടി കണ്ടെത്താനായി എക്സൈസ് അന്വേഷണം ആരംഭിച്ചു.
റെയ്ഡിൽ എരുമേലി എക്സൈസ് ഇൻസ്പെക്ടർ അരുണ് അശോക്, പ്രിവന്റീവ് ഓഫീസർ സി.കെ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാമ്മൻ സാമുവേൽ, പി.എസ്. ഷിനോ, പി.ആർ. രതീഷ്, മുഹമ്മദ് അഷറഫ്, ടി.എ. സമീർ, വനിത എക്സൈസ് ഓഫീസർ ശ്രീജാ മോഹൻ എന്നിവർ പങ്കെടുത്തു.