ഡൊമനിക് ജോസഫ്
മാന്നാർ: മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മാന്നാറിൽ പോലും ജാതിയുടെ വേർതിരിവുകൾ സൃഷ്ടിക്കുന്ന തരത്തിൽ ജാതിയുടെ മതിലുകൾ തീർക്കുന്ന പ്രചാരണങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടമായി സഹായി ബഷീർ.
മാന്നാറിൽ മതസൗഹാർദ്ദം തകർക്കുവാൻ ഇറങ്ങിയിരിക്കുന്നവർക്കുള്ള താക്കീതായാട്ടാണ് മുഹമ്മദ് ബഷീർ എന്ന സഹായി ബഷീർ ഒറ്റയാൾ പോരാട്ടം നടത്തിയത്.ഗാന്ധി തൊപ്പിയും കുത്തയും ധരിച്ച് മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡും പിടിച്ച് നടത്തിയ ഒറ്റയാൾ പദയാത്ര ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം രാവിലെ പരുമലക്കടിവ്ൽ നിന്നും സ്റ്റോർജംഗ്ഷൻ വരെയാണ് പദയാത്ര നടത്തിയത്.തുടർന്ന് ഇതേ വേഷത്തിൽ പ്ലാക്കാർഡുമായി മനുഷ്യശൃംഖലയിലും പങ്കെടുത്തു.എൽഡിഎഫുമായി യാതൊരു ബന്ധവും ഇല്ലെങ്കെലും പൗരത്വബില്ലിനെതിരെ സംഘടിപ്പിച്ച ഒരു പരിപാടി എന്ന തലത്തിലാണ് ഇതിൽ പങ്കെടുത്തതെന്ന് ബഷീർ പറയുന്നു.
ഓട്ടോറിക്ഷാ ഓടിച്ചും രാവിലെ പത്രം വിതരണം ചെയ്തും ഉപജീവന മാർഗം കണ്ടെത്തുന്ന ബഷീർ നാട്ടുകാർക്ക് സഹായിയാണ്.ക്യാൻസർ രോഗികൾക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കി ശ്രദ്ധേയനായി.ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്രയാണെന്ന് ഓട്ടോയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കഴിഞ്ഞ പ്രളയ കാലത്ത് ജനമൈത്രി പോലീസുമായി ചേർന്ന് നിരവധി പേരെ കരയ്ക്കെത്തിക്കുവാൻ ബഷീർ അക്ഷീണം പ്രയത്നിച്ചു.ഇതിന് നിരവധി സംഘടനകളാണ് ഇദ്ദേഹത്തെ ആദരിച്ചത്.
വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രീയക്ക് വിധേയനായ ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഒരു ദിവാസം മാറ്റിവച്ച് ടൗണിലൂടെ കടന്ന് പോയ എല്ലാ പൊതു വാഹനങ്ങളിൽ നിന്നായി ഒരു വലിയ തുക സമാഹരിച്ച് നൽകുവാനും ബഷീർ മുന്നിലുണ്ടായിരുന്നു.
തന്റെ ജീവിത പ്രാരാബധങ്ങൾക്ക് ഇടയിലും മറ്റഉളളവരെ സഹായിക്കുവാൻ മുന്നിട്ടിറങ്ങുന്നതിൽ നാട്ടുകാർ നൽകിയ പേരാണ് സഹായി ബഷീർ.
നബിദിനത്തിൽ ജമാഅത്ത് നടത്തുന്ന നബിദിനറാലിക്ക് തൃക്കുരട്ടിക്ഷേത്ര നടയിൽ സ്വീകരണം നൽകുകയും തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ പ്രസിദ്ധമായ എതിരേൽപ്പിന് ജമാഅത്ത് നേതൃത്വത്തിൽ സ്വീകരണവും ദാഹജലവും നൽകി വരുന്ന നാട്ടിൽ ജനങ്ങളെ മതത്തിന്റ പേരിൽ വേർതിരിക്കുവാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് സഹായി ഒറ്റയാൾ പോരാട്ടം നയിച്ചത്.