തളിപ്പറമ്പ്: വീടും സ്ഥലവും തങ്ങള്‍ക്ക് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കളെ നിരന്തരമായി പീഡിപ്പിച്ച മകളും ഭര്‍ത്താവും വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്നു തളിപ്പറമ്പ് സബ്കളക്ടര്‍ എസ്. ഇലക്യ ഉത്തരവിട്ടു.
തൃച്ചംബരം സെന്റ് പോള്‍സ് പള്ളിക്കു സമീപത്തെ ഹെൻട്രി തോമസിന്റെ പരാതിയിലാണ് ഉത്തരവ്. ഹെൻട്രി തോമസിന്റെ പേരിലുള്ള വീടും സ്ഥലവും തങ്ങള്‍ക്ക് എഴുതി നല്കണമെന്നാവശ്യപ്പെട്ടു മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡ് റാഫേലും നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായാണു ദമ്പതികളുടെ പരാതി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പ്രശ്നത്തിലാണു സബ്കളക്ടര്‍ അധ്യക്ഷയായ മെയിന്റന്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
മകളും ഭര്‍ത്താവും ഹെൻട്രി തോമസിന്റെയും ഭാര്യയുടെയും സ്വൈരജീവിതത്തിനു തടസമാണെന്നു ബോധ്യപ്പെട്ടതിനാല്‍ ഒരുമാസത്തിനകം മാറിത്താമസിക്കണമെന്നാണ് ഉത്തരവ്.
2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരമാണ് ഉത്തരവ്. പരാതിക്കാരെയും എതിര്‍കക്ഷികളേയും വിളിച്ചുവരുത്തി പരാതികള്‍ കേള്‍ക്കുകയും ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.