സ്വന്തം ലേഖകൻ
തൃശൂർ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച 35 പേരായിരുന്നു തൃശൂരിൽ നിരീക്ഷണത്തിലുണ്ടായിരുന്നതെങ്കിൽ ചൊവ്വാഴ്ച ഇവരുടെ എണ്ണം 56 ആയി. ഇതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലും ബാക്കി 52 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇന്നലെ 38 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരും ആശുപത്രിയിൽ ചികിത്സയിലില്ല.
കോഴിക്കോട് 115 പേരും എറണാകുളത്ത് 96 പേരും മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ആശുപത്രികളിൽ കഴിയുന്ന ഏഴിൽ നാലുപേരും തൃശൂരിലാണ്. എറണാകുളത്ത് രണ്ടുപേരും മലപ്പുറത്ത് ഒരാളും ചികിത്സയിലുണ്ട്.
കൊറോണ ചികിത്സക്ക് മെഡിക്കൽ കോളജ് റെഡി
മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് ബാധയുടെ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്ക് സജ്ജീകരണങ്ങൾ ഒരുക്കി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുകൾനിലയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് തുറന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരെ ഇവിടെ ചുമതലപ്പെടുത്തി.
നെഞ്ചുരോഗാശുപത്രിയിൽ ആദ്യം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും അടിയന്തിര സാഹചര്യം നേരിടാനുള്ള സൗകര്യങ്ങൾ അവിടെയില്ലെന്നതിനാലാണ് പുതിയ ആശുപത്രി കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിന് മുകളിലേക്ക് കൊറോണ ഐസൊലേഷൻ വാർഡും സജ്ജീകരണങ്ങളും മാറ്റിയത്.
പാലക്കാട് ജില്ലയിൽ നിന്നും മലപ്പുറത്തു നിന്നും മറ്റും കൊറോണ നിരീക്ഷണത്തിലുള്ളവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അധികൃതർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആവശ്യമായ ജീവനക്കാരെയെല്ലാം ഇവിടെ നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ മരുന്നുകളും എത്തിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡ് ഭാഗത്തേക്ക് മറ്റു രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ സന്ദർശകർക്കോ പ്രവേശനമില്ല. ഈ ഭാഗത്തേക്കുള്ള ലിഫ്റ്റുകൾ ഈ വാർഡിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. പ്രിൻസിപ്പാൾ ഡോ.എം.എ ആൻഡ്രൂസിന്റെ നേത്യത്വത്തിലാണ് ആശുപത്രിയിൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.