കൊല്ലങ്കോട്: പള്ളം കനാൽബണ്ട് തകർന്നതോടെ സമീപത്തെ കുറ്റിപ്പാടം റോഡിൽ യാത്ര അപകടഭീതിയിൽ. നാല്പതുവർഷംമുന്പ് നിർമിച്ച മീങ്കര-കുറ്റിപ്പാടം കനാലിനു ജലസേചന വകുപ്പ് അധികൃതർ നാളിതുവരെ സംരക്ഷണ ജോലികളൊന്നും ചെയ്തിട്ടില്ല.
കനാൽബണ്ടിനോട് ചേർന്നുള്ള കുറ്റിപ്പാടം പാതവഴിയാണ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സഞ്ചരിക്കുന്നത്. പാതയുടെ അടിഭാഗം വെള്ളമൊഴുകി മണ്ണുപോയി പൊള്ളയായി. ചരക്കുകടത്ത് വാഹനങ്ങൾ വീതികുറഞ്ഞ റോഡിന്റെ പടിഞ്ഞാറുവശത്തു കൂടി സഞ്ചരിക്കുന്നതും അപകടഭീഷണി മുന്നിൽകണ്ടാണ്.
ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തിയാൽ പിന്നീട് ദീർഘനേരം ഗതാഗതതടസം പതിവാണ്. കനാൽ നിറഞ്ഞ് വെള്ളം ഒഴുകുന്നതിൽ റോഡിന്റെ അടിഭാഗത്ത് മണ്ണിടിച്ചിൽ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് റോഡിടിഞ്ഞ് ദുരന്ത സാധ്യത നിലനില്ക്കുകയാണ്.
കനാൽ ബണ്ടും റോഡും ശരിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാതല ജലസേചന, പൊതുമരാമത്ത് മേധാവികൾക്ക് ഒപ്പുശേഖരണം നടത്തി നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.