തിരുവനന്തപുരം: കുടുംബനാഥകളായിട്ടുള്ള വനിതകൾക്കുണ്ടാകുന്ന അപ്രതീക്ഷിത സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അര ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം.
അതിജീവിക എന്ന പേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴി ഒറ്റത്തവണ സാന്പത്തിക സഹായമായി പരമാവധി 50,000 രൂപ വരെയാണ് നൽകുക.
സംസ്ഥാനത്ത് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അപകടത്തിന്റെ ആദ്യ 48 മണിക്കൂറിൽ 50,000 രൂപ വരെ ചികിത്സാ സഹായം നൽകുന്നതിനായി ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്റ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും.
ഈ വർഷം പട്ടികജാതി-വർഗ വിഭാഗങ്ങളുടെ 72,000 വീടുകൾ പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റ് അനുസരിച്ച് 1,50,000 രൂപ വരെ ധനസഹായമായി നൽകും.
പൊതുജനത്തിനും കൂടി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും അഞ്ച് മേജർ വർക്ക് ഷോപ്പുകളിലും ഹൈസ്പീഡ് ഡീസൽ/പെട്രോൾ പന്പുകൾ ആരംഭിക്കും. കെഎസ്ആർടിസിക്കായി 300 ബസുകൾ വാങ്ങും.
100 ബസുകൾ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്നതിലേക്ക് മാറ്റും. എല്ലാ ജില്ലാ ഹെഡ്ക്വാർട്ടേഴ്സുകളിലും ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും.
കാസർഗോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം നാല് മണിക്കൂറായി കുറയ്ക്കുന്നതിന് സിൽവർലൈൻ എന്ന പേരിൽ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി ആരംഭിക്കും. 56,442 കോടി രൂപ ചെലവിട്ട് അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
സംസ്ഥാനത്തെ കാർഷികമേഖലയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി പുനഃ സംഘടിപ്പിക്കും. അതുവഴി പദ്ധതികളും ഫണ്ടുകളും വിള അധിഷ്ഠിതവും പ്രദേശാധിഷ്ഠിതവുമായ രീതിയിൽ കേന്ദ്രീകരിച്ച് നടപ്പിലാക്കും. കൃഷി പാഠശാല എന്ന പുതിയ പദ്ധതിക്ക് കീഴിൽ കൃഷിഭവനുകൾ മുഖേന സംസ്ഥാനത്തെ പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകും.
റോയൽറ്റി ഫോർ ഇക്കോസിസ്റ്റം സർവീസ് എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ നെൽവയൽ ഉടമകൾക്കും സാന്പത്തിക സഹായം നൽകും. മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ വിള സംരക്ഷണത്തിനായി ഫ്ളഡ് മിറ്റിഗേഷൻ പരിപാടി നടപ്പിലാക്കും.
ഗോത്രവർഗക്കാരുടെ വംശീയ ഭക്ഷണ സംസ്കാരം സംരക്ഷിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് അട്ടപ്പാടിയും ആതിരപ്പള്ളിയും ഉൾപ്പെടെയുള്ള ഗോത്ര വർഗപ്രദേശങ്ങളിൽ പ്രത്യേക പദ്ധതി നടപ്പിലാക്കും.
വിദഗ്ധതൊഴിൽ, കൃഷി ഉപകരണങ്ങൾ വാടകയ്ക്കെടുക്കൽ, ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക്കായി കൃഷിശ്രീ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയനാട് ജില്ലയിൽ പുഷ്പഗ്രാമങ്ങൾ സ്ഥാപിക്കും.
സംസ്ഥാനത്തെ കന്നുകാലി സന്പത്ത് മാപ്പ് ചെയ്യുന്നതിനായി ആർഎഫ്ഐഡി ടാഗിംഗ് ആരംഭിക്കും. 2019 ൽ ആരംഭിച്ച നിശാ വെറ്ററിനറി സേവനം സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോ-ഓപ് മാർക്ക് എന്ന ബ്രാൻഡ് നെയിമിൽ കൊണ്ടുവരും. ടെലിവിഷൻ വ്യവസായത്തിലെ ഒരു വിശിഷ്ട വ്യക്തിത്വത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നതിന് കേരള ചലച്ചിത്ര അക്കാദമി തുടക്കം കുറിക്കും.
കാലാവസ്ഥാ വ്യതിയാന ലഘൂകരണം, അതിജീവനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് പ്രോത്സാഹിപ്പിക്കുന്നതിന് ഉജ്വൽ ഫെലോഷിപ്പ് പ്രോഗ്രാം, പാരിസ്ഥിതിക ഗവേഷണ പ്രോജക്റ്റുകൾ നടത്തുന്നതിനായി പരിസ്ഥിതി ശാസ്ത്ര/എൻജിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകുന്ന വിദ്യാപോഷിണി എന്ന പേരിൽ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകും
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പരസ്പര സഹായസംഘങ്ങൾക്ക് പലിശരഹിത വായ്പകൾ നൽകി അവരെ അവരുടെ വള്ളങ്ങളുടെയും വലകളുടെയും ഉടമകളാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം.
അങ്ങനെ രൂപീകരിക്കപ്പെട്ട പരസ്പരസഹായ സംഘങ്ങൾ വീഴ്ച വരുത്താതെ വായ്പ തിരിച്ചടച്ചാൽ മാത്രമേ വായ്പാതുകയിലുള്ള പലിശ സർക്കാർ വഹിക്കൂ.
കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുൻകൂട്ടിയുള്ള കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടി എല്ലാ മറൈൻ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകൾ ആരംഭിക്കും. മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനായി നിയമം കൊണ്ടു വരും.
ഇ-റേഷൻ കാർഡ് പദ്ധതി ഈ വർഷം
ഇ-റേഷൻ കാർഡ് പദ്ധതി ഈ വർഷം ആരംഭിക്കും. 16 ഗ്രാമപഞ്ചായത്തുകളിൽ മാവേലി സ്റ്റോറിന്റെ വിൽപനകേന്ദ്രങ്ങൾ ആരംഭിക്കും. കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച റോഷ്നി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നയനാമൃതം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം ഈ വർഷം മുതൽ നടപ്പിലാക്കും.
തീവ്രവാദം തടയുന്നതിന് പോലീസ് വകുപ്പിൽ കൗണ്ടർ ഇന്റലിജൻസ് സെൽ ആരംഭിക്കും. ഉത്പാദന മേഖലയെയും സേവന മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ട് മാർജിൻ മണി ഗ്രാന്റ് റ്റു നാനോ യൂണിറ്റുകൾ ആരംഭിക്കും.
ഭിന്നശേഷിക്കാർക്കായി മികവിന്റെ കേന്ദ്രം ആരംഭിക്കും. എൻജിനിയറിംഗ് കോളജുകളുടെ സഹായത്തോടെ സംസ്ഥാനത്ത് 1420 കിലോമീറ്റർ റോഡ് പിഎംജിഎസ്വൈ (പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന) രൂപകൽപനാ നിലവാരത്തിലേക്ക് ഉയർത്തും.
ദുരന്തനിവാരണത്തിനായി 3.4 ലക്ഷം വോളന്റിയർമാർ അടങ്ങുന്ന ഒരു സന്നദ്ധ സേന രൂപീകരിക്കും. പ്രളയാനന്തരം തയാറാക്കിയ കുട്ടനാട് പാക്കേജ് മാതൃകയിൽ ഇടുക്കിക്കും വയനാടിനും പ്രത്യേക പാക്കേജ് ആവിഷ്കരിച്ചു നടപ്പിലാക്കും.
ആറു മുനിസിപ്പൽ കോർപറേഷനുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 60 ലേറെ കേന്ദ്രങ്ങളിലും കെഎസ്ഇബി പരീക്ഷണാടിസ്ഥാനത്തിൽ ഓരോ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കും.
വയോജനങ്ങൾക്ക് സേവനവും പരിചരണവും നൽകുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ച് വയോഹസ്തം എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. അംഗപരിമിതരായ ആളുകൾക്ക് കായിക പ്രവർത്തനങ്ങളിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ശ്രേഷ്ഠം പദ്ധതി നടപ്പിലാക്കും.
ഭിന്നശേഷിക്കാരായ ആളുകൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഓണ്ലൈൻ സ്റ്റോർ ആരംഭിക്കും.