ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിനെ പിറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് കേന്ദ്രകാബിനറ്റ് അംഗീകാരം നൽകി. ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗർഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയർത്താനുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
നിലവിൽ ഗർഭച്ഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. ഇത് ഭേദഗതി ചെയ്തുകൊണ്ടുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ഭേദഗതി ബിൽ 2020 ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും.
മാനഭംഗത്തിന് ഇരയായവർക്കോ ഗുരുതര പരിക്കേറ്റ വനിതകൾക്കോ മാത്രം അനുവദനീയ കാലയളവിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥ.
അനിവാര്യ ഘട്ടത്തിൽ നിയമപ്രകാരം ചുമതലപ്പെടുത്തുന്നവരോടല്ലാതെ ഗർഭച്ഛിദ്രം നടത്തിയ വനിതയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താനും അനുമതിയില്ല.
അഞ്ചു മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്ന, 1971ൽ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളർച്ചയിൽ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാൽ അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ നിലവിലെ നിയമപ്രകാരം കഴിയില്ല. പുരോഗമന നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്.
സ്വന്തം തീരുമാനപ്രകാരം ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്നു സ്ത്രീകൾക്ക് തീരുമാനിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്നും ജാവഡേക്കർ പറഞ്ഞു.
ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനത്തിൽ 2015ൽ മാത്രം 1.56 കോടി ഗർഭച്ഛിദ്രങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്. ഇതിൽ 78 ശതമാനവും അനാരോഗ്യകരമായ ചുറ്റപാടുകളിൽ ആണ് നടന്നിട്ടുള്ളതും. അന്പതു വർഷം മുന്പാണ് ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്.