കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. ഇന്ന് രാവിലെ ആറിന് കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.
1982- 1987 കാലഘട്ടത്തില്‍ കരുണാകരന് മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5.30-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.
ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായിരുന്നു. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവുകൂടിയായിരുന്നു കമലം.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു.
1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘാടകയെന്ന രീതിയില്‍ 1954ല്‍ കണ്ണൂര്‍ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപീകരിച്ചതോടെയാണ് ഇവരുടെ നേതൃപാടവം പാര്‍ട്ടിക്ക് ബോധ്യമായത്.
1958ല്‍ കണ്ണൂരില്‍ നടന്ന കെപിസിസി സമ്മേളനത്തില്‍ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസില്‍ കമലം ഇടംനേടി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കണ്‍വീനറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. മക്കള്‍: എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്.
കുതിരവണ്ടിയില്‍ കയറിപ്പോയി കൗണ്‍സിലറായി
കോഴിക്കോട്: കുതിരവണ്ടിയില്‍ കയറിപ്പോയി കൗണ്‍സിലറായ ആളാണ് എം.കമലം. 15 വര്‍ഷം അവര്‍ കോഴിക്കോടിന്റെ രാഷ്ട്രീയമനസ്സിലേക്ക് അതിവേഗം കടന്നുകുടി. 1982 മുതല്‍ 87 വരെ കരുണാകരന് മന്ത്രിസഭയില്‍ മന്ത്രിയുമായി.
മുനിസിപ്പാലിറ്റിയിലെ പ്രവര്‍ത്തനപരിചയമാണ് അവര്‍ക്ക് അതിന് തുണയായത്. രാഷ്ട്രീയത്തെക്കുറിച്ച് അധികമാന്നും അറിയാത്ത കാലത്താണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതതെന്ന് അവര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
1946-ലാണ് കുതിരവണ്ടിയുമായി അവര്‍ വന്നത്. കാത്തുനില്ക്കാന് സമയമില്ല എന്നുപറഞ്ഞു.എനിക്കന്ന് 20 വയസായിട്ടില്ല. ഞാന്‍ അവര്‍ക്കൊപ്പം പോയി. ഒന്ന് ഒപ്പിട്ടുകൊടുത്തതേയുള്ളൂ.തിരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ 20-ാം വയസില്‍ അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയുമായുള്ള അടുപ്പം കമലത്തെ കേരള രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത പെണ്ശബ്ദമാക്കി. കമലത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കാനുള്ള കാരണം അന്ന് കമലം നാട്ടിലെ അറിയപ്പെടുന്നഗായികയായിരുന്നു.ഈ പ്രശസ്തി വോട്ടായി മാറുമെന്ന് കണക്കുകൂട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം കമലത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസിന് വെറും മൂന്ന് കെപിസിസി സെക്രട്ടറിമാരുണ്ടായിരുന്നകാലത്ത് അതിലൊരാള്‍ കമലമായിരുന്നു.അതില്‍ തന്നെയുണ്ട് ഇവരുടെ സംഘടനാരംഗത്തെ നേതൃമികവെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാദളില്‍ ചേര്‍ന്ന കമലം പാര്‍ട്ടി ടിക്കറ്റില്‍ കോഴിക്കോട് നിന്ന് ജനവിധി തേടി. പക്ഷേ പരാജയമായിരുന്നു ഫലം. പിന്നീട് കമലം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. ഒടുവില്‍ സ്ഥാനമാനങ്ങളെല്ലാം വിട്ടൊഴിഞ്ഞു വിശ്രമ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും കമലം കര്‍മ്മനിരതയായിരുന്നു.