കൊച്ചി: 2.25 കിലോ കഞ്ചാവുമായി പിടിയിലായ വിദ്യാർഥികൾ കടത്തിനായി ഉപയോഗിച്ചത് വിലകൂടിയ ബൈക്കുകളും റെന്റ് കാറുകളുമെന്ന് എക്സൈസ്. പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ ഒഴിവാക്കുന്നതായി നാഷണൽ ഹൈവേ, ടോൾ പോയിന്റുകൾ എന്നിവ ഒഴിവാക്കി ഇടവഴികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവർ യാത്രകൾ നടത്തിയിരുന്നതെന്നും അധികൃതർ പറഞ്ഞു.
ഇടുക്കി സ്വദേശികളായ മണിയാറാൻ പാറക്കൽ വീട്ടിൽ എബി (22), കുഞ്ഞിത്തണ്ണി കുത്തുപാറ മൂലംകുഴി അമൽ (22) എന്നിവരെയാണു കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഗാന്ധിനഗറിൽനിന്നു പിടികൂടിയ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. വിവിധ സ്ഥലങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്.
ഓരോ തവണയും കഞ്ചാവ് സൂക്ഷിക്കുന്നതിനുള്ള താവളങ്ങൾ മാറ്റുന്നതായിരുന്നു ഇവരുടെ പദ്ധതി. മാസങ്ങളായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണു പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്.
എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ എബി നാലു ദിവസം മുൻപ് ഇടുക്കിയിലേക്ക് പോയതായ വിവരം ലഭിച്ചു. ഇതേത്തുടർന്ന് എക്സൈസ് സംഘം പ്രതികളുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു തുടർച്ചയായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, ഗാന്ധിനഗറിലെ വാടക വീട്ടിലേക്കു മയക്കുമരുന്നുമായി എത്തിയ എബിയെയും സംഘാംഗത്തെയും പിടികൂടുകയായിരുന്നു.
ഇളകുളം ഭാഗത്ത് ലഹരി ഉപയോഗിച്ചു അവശനിലയിൽ കാണപ്പെട്ട ഒരു കൂട്ടം വിദ്യാർഥികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നുമാണു ഇവരെക്കുറിച്ച് വിവരം നേരത്തെ അധികൃതർക്ക് ലഭിച്ചത്. തുടർന്ന് മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായും ഇവരുമായി ബന്ധപ്പെട്ട നിരവധി പേരിൽനിന്നും ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണു പ്രതികളുടെ ഒളിസങ്കേതതങ്ങൾ അധികൃതർ മനസിലാക്കിയത്.
ഷെയർ ചാറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷൻസ് വരെ പ്രയോജനപ്പെടുത്തിയായിരുന്നു സംഘം പുതിയ യുവാക്കളെ ലഹരിയിലേക്ക് ആകർഷിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഇടുക്കിയിൽനിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് വൈപ്പിൻ, എറണാകുളം ഭാഗങ്ങളിലാണ് കൂടുതലായും വിൽപ്പന നടത്തിവന്നിരുന്നത്.
കോണ്‍വെൻറ് ജംഗ്നിലുള്ള സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് ഡിപ്ലോമ കോഴ്സിനാണ് എബി പഠിക്കുന്നത്. വാരാന്ത്യങ്ങളിൽ അവധിക്കായി നാട്ടിൽ പോകുന്ന എബി ബൈക്കിൽ വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന് വിൽപന നടത്തി വരികയായിരുന്നു.
ഫോർട്ട്കൊച്ചി ബീച്ചിൽ വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി.
നർകോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രവൻറീവ് ഓഫീസർ ജോർജ് ജോസഫ്, സിജി പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുണ്‍കുമാർ, വിപിൻദാസ്, രതീഷ്, ഡ്രൈവർ മനോജ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ മറ്റ് കൂട്ടാളികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു.