വൈപ്പിൻ: ചൈനയിലെ കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്തെ ഞണ്ട് വ്യാപാര മേഖലയിൽ ആശങ്ക തുടരുന്നു. കൊറേണ മറ്റ് രാജ്യങ്ങളിലേക്കും പടരുന്നു എന്ന വാർത്തകളാണ് ആശങ്ക തുടരാൻ കാരണം. ഞണ്ട് കൂടുതലായും കയറ്റിപ്പോകുന്ന രാജ്യങ്ങളിലൊന്നായ മലേഷ്യയിലും കൊറോണയുടെ വൈറസ് കണ്ടെത്തിയെന്നത് ഞണ്ട് വിപണിയെ വീണ്ടും ഞെട്ടിച്ചിട്ടുണ്ട്.
ഈ ആഴ്ച രണ്ട് ദിവസം കയറ്റുമതിക്കാർ ഞണ്ടുകൾ എടുക്കാതെ വന്നതോടെ ഞണ്ട് സ്റ്റോക്കുണ്ടായിരുന്ന ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ പിന്നീട് ചൈനയിലേക്ക് മാത്രം കയറ്റിപ്പോകുന്ന റെഡ് ഫീമെയിൽ ഇനത്തിൽ പെട്ട ഞണ്ടുകളൊഴിച്ച് മറ്റ് ഞണ്ടുകൾ എടുത്തു തുടങ്ങിയെങ്കിലും വിലയിൽ വൻ കുറവ് വന്നിട്ടുണ്ട്.
ഇത് മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് വിലക്ക് വന്നാൽ ഏതു നിമിഷവും ഞണ്ട് എടുക്കൽ നിർത്തിവെക്കുമെന്നും കയറ്റുമതിക്കാർ ചെറുകിട വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുമൂലം പല കച്ചവടക്കാരും ഞണ്ട് എടുക്കൽ വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്. മഡ്, മഡ് എക്സൽ തുടങ്ങിയ ഇനത്തിൽ പെട്ട ഞണ്ടുകൾ മാത്രമാണ് ഇപ്പോൾ കച്ചവടക്കാർ എടുക്കുന്നുള്ളു. ഇവ കൂടുതലും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്.
ഈ രാജ്യങ്ങളിലും കൊറേണ കണ്ടെത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ജീവനോടെ കയറ്റിപ്പോകുന്ന വസ്തുവായതിനാൽ ഏറ്റവും ആദ്യം വിലക്ക് വരുന്നത് ഞണ്ടിനായിരിക്കുമെന്നാണ് കയറ്റുമതിക്കാർ പറയുന്നത്.