എടക്കര: വിദ്യാർഥിയുടെ സഹോദരനും, സുഹൃത്തും ചേർന്ന് അധ്യാപകനെ ക്ലാസ് മുറിയിൽ കയറി മർദിച്ചു. സംഭവത്തിൽ വിദ്യാർഥിയുടെ സഹോദരനെ പോലിസ് അറസ്റ്റ് ചെയ്തു. മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപകൻ നജീബിനാണ് മർദനമേറ്റത്.
സംഭവത്തിൽ വിദ്യാർഥിയുടെ സഹോദരൻ കരുളായി മൈലംപാറ അടുക്കത്ത് അർഷാദിനെ എടക്കര എസ്ഐ വി.അമീറലിയും സംഘവും അറസ്റ്റ് ചെയ്തു.
ഇയാളോടൊപ്പമുണ്ടയിരുന്ന മൈലംപാറ സ്വദേശി സുനിൽ എന്നയാൾക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികൾ ക്ലാസിൽ കയറി അധ്യാപകനെ മർദിച്ചത്.
അർഷാദിന്റെ സഹോദരനായ പ്ലസ് ടു വിദ്യാർഥി പ്ലസ് വണ്‍ ക്ലാസിലെ പെണ്‍കുട്ടിയോട് രാവിലെ മോശമായി പെരുമറിയത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്ത അധ്യാപകനോട് ധിക്കാരപരമായാണ് വിദ്യാർഥി പെരുമാറിയത്. ഇതേത്തുടർന്ന് രക്ഷിതാവിനെ കൊണ്ടുവന്ന ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകൻ നിഷ്കർഷിച്ചു.
ഉച്ചയ്ക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥിയുടെ സഹോദരൻ അർഷാദും സുഹത്ത് സുനിലും ചേർന്ന് ക്ലാസിൽ കയറി അധ്യാപകനെ മർദിക്കുകയായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതരും അധ്യാപകനും നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതിയായ സുനിലിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.