കുമരകം: വേന്പനാട്ടു കായലിലും അപ്പർകുട്ടനാടൻ ജലാശയങ്ങളിലും പോള തിങ്ങി നിറഞ്ഞിരിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും തൊഴിലാളികൾക്കും പ്രതിസന്ധിയായി.
വേന്പനാട്ടു കായലിൽ നിന്നും വേലിയേറ്റത്തിന് തോടുകളിലേക്ക് പ്രവേശിക്കുന്ന പോള വളർന്നു വലുതാകുന്നതോടെ ജലഗതാഗതം തന്നെ അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൗസ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും മത്സ്യതൊഴിലാളികളുടെ ചെറുവള്ളങ്ങൾക്കും പോള തടസം സൃഷ്ടിക്കുന്നു.
തോടുകളിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന പോള ചീഞ്ഞ് വെള്ളത്തിൽ ലയിക്കുന്നതോടെ ജലാശയങ്ങൾ മലിനമായി മാറുകയാണ്. ജലാശയങ്ങളിൽ നിന്നും പോള നശിക്കണമെങ്കിൽ ശക്തമായ ഉപ്പുവെള്ളം കയറി വരികയോ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് ആരംഭിക്കുകയോ ചെയ്യണം. ഇതിന് മാസങ്ങൾ കാത്തിരിക്കണം.
യന്ത്രം ഉപയോഗിച്ചോ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടോ പോള വാരി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമരകം – മുഹമ്മ ബോട്ട് സർവീസിനെ പോള ശല്യം ഏറെ ബാധിക്കും. മുൻവർഷങ്ങളിലേതു പോലെ കുമരകം ബോട്ടുജെട്ടിയിലെത്താതെ കായലിന്റെ കിഴക്കേ തീരത്ത് ഈ വർഷവും യാത്രാ ബോട്ടുകൾ ദിവസങ്ങൾക്കുള്ളിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും.
വേന്പനാട്ടു കായൽ കൊണ്ട് ഉപജീവനം കഴിയുന്ന തൊഴിലാളികൾ പോള ശല്യം കാരണം പട്ടിണിയിലാക്കുന്ന അവസ്ഥയിലാണ്.