കോഴിക്കോട്: കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലയില്‍ 168 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് ജില്ലയില്‍ 168 പേര് എത്തിയതായാണ് കണ്ടെത്തിയത്.
ഇതില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരുടെയും ഇന്നലെ ചികിത്സ തേടിയെത്തിയ ഒരാളുടെയും രക്തം, സ്വാബ്, കഫം തുടങ്ങിയവ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള ഒരാളുടെ കൂടി സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാഫലം ഇന്നോ നാളയോ ആയി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബീച്ച് ജനറല്‍ ആശുപത്രിയിലെ കൊറോണ നോഡല്‍ ഓഫീസര്‍ ഡോ.സി.ജെ. മൈക്കിള്‍ അറിയിച്ചു.
നിലവില്‍ മൂന്നു പേര് ബീച്ച് ജനറല്‍ ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇവര്‍ പ്രത്യേകം സജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. മറ്റുള്ള 164 പേര് വീടുകളില്‍ നിരീക്ഷണത്തിലാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയായ വടകര സ്വദേശി ഒരാഴ്ച മുമ്പാണ് ചൈനയില്‍ പോയി നാട്ടില്‍ തിരിച്ചെത്തിയത്. ഇവര്‍ക്ക് പനിയും ചുമയുമാണുള്ളത്.
കോഴിക്കോട്ടെ നഴ്സിംഗ് വിദ്യാര്‍ഥിനിയായ കാശ്മീരി സ്വദേശിയായ യുവതിയാണ് ചികിത്സ തേടിയതില്‍ മറ്റൊരാള്‍. ഇവര്‍ പങ്കെടുത്ത കായിക മേളയില്‍ ചൈനക്കാരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പനിയും ചുമയും ഉണ്ടെങ്കിലും പേടിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട്ടിൽ 16 പേർ നിരീക്ഷണത്തിൽ
കൽപ്പറ്റ:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വയനാട്ടിൽ 16 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽനിന്നു ജില്ലയിൽ എത്തിയതാണ് ഇവർ. ജില്ലയിൽ ആശുപത്രികളിൽ ആരും നിരീക്ഷണത്തിലില്ല.