തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗിയെ പ്രവേശിപ്പിച്ചിരുന്ന ജനറൽ ആശുപത്രിയിലും ഇപ്പോൾ പ്രവേശിപ്പിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ന് തിരക്കില്ലാത്ത ദിനം.
കൊറോണ ഭീതിയെ തുടർന്ന് രണ്ട് ആശുപത്രികളിലും ഇന്ന് പതിവുള്ള തിരക്ക് ഒപി വിഭാഗത്തിലില്ല. രണ്ടിടത്തും രാവിലെ ഒപികൾ ശൂന്യമായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഈ ആശുപത്രികളിൽ ചികിത്സ തേടാൻ രോഗികൾ മടിക്കുന്ന കാഴ്ചയാണുള്ളത്. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടർമാരും ആവർത്തിച്ച് പറയുന്പോഴും ആളുകൾക്ക് ഭീതിയാണ്.
വെള്ളിയാഴ്ചകളിൽ മെഡിക്കൽ കോളജിലും മറ്റും ഒപികളിൽ വൻതിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. എന്നാൽ ഇന്ന് തിക്കും തിരക്കുമൊഴിഞ്ഞ ഒപികളാണ് മെഡിക്കൽ കോളജിലും കണ്ടത്.