സ്വന്തം ലേഖകൻ
തൃശൂർ: കൊട്ടാരത്തിലെ ക്ലാസ് മുറിയിലെത്താൻ അഞ്ചുമിനിറ്റ് വൈകിയതിന് അച്ഛൻ തല്ലിയതിന്റെ വേദനയും പാടും ഇപ്പോഴും മറന്നിട്ടില്ലെന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടിയുടെ അനുഭവം കേട്ട് വിദ്യാർഥികളും അധ്യാപകരും കാതുകൂർപ്പിച്ചു.
വിവേകോദയം സ്കൂളിലെ ശതാബ്ദി സ്മരണിക പ്രകാശന ചടങ്ങിലാണ് സമയത്തിന്റെ വില സംബന്ധിച്ച് തന്പുരാട്ടി കുട്ടികളെ ഓർമിപ്പിച്ചത്.
ചടങ്ങിനെത്താൻ അരമണിക്കൂർ വൈകിയതിന്റെ വിഷമം പങ്കുവച്ച് ക്ഷമാപണം നടത്തിയാണ് കൃത്യസമയം പാലിക്കാൻ തന്നെ അച്ഛൻ പഠിപ്പിച്ച സംഭവം പറഞ്ഞത്. കൊട്ടാരത്തിൽതന്നെയായിരുന്നു അന്നു തങ്ങളെ പഠിപ്പിച്ചിരുന്നത്. പക്ഷേ, അധ്യാപകൻ വരുന്നതിന് അഞ്ചുമിനിറ്റു മുന്പ് ക്ലാസിലെത്തണമെന്നായിരുന്നു ഉത്തരവ്.
ഒരു ദിവസം സമയം വൈകിയപ്പോൾ ക്ലാസിലേക്ക് ഓടിയത് അച്ഛന്റെ മുന്പിലൂടെയാണ്. വേഗം കൈയിൽ കയറിപ്പിടിച്ചു. എന്താണു വൈകിയതെന്നു ചോദിച്ചു.
തുടയിൽ കൈകൊണ്ട് തല്ലിയതിന്റെ ശബ്ദം എല്ലാവരും കേട്ടു. കുറച്ചു ദിവസങ്ങൾ ആ പാട് അവിടെത്തന്നെ നിന്നു. അതിൽപിന്നെ കൃത്യനിഷ്ഠ എന്താണെന്നു പഠിച്ചു.
പിന്നീട് ജീവിതത്തിൽ എന്തു പരിപാടിയായാലും കൃത്യനിഷ്ഠ പാലിക്കാൻ പഠിച്ചത് അന്നു മുതലാണെന്നു തന്പുരാട്ടി വിദ്യാർഥികളെ ഓർമിപ്പിച്ചു.
പി. ചിത്രൻനന്പൂതിരിപ്പാടിനു സ്മരണിക കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സ്കൂൾ മാനേജർ തേറന്പിൽ രാമകൃഷ് ണൻ അധ്യക്ഷത വഹിച്ചു. വിവേകോദയം പ്രസിഡന്റ് കെ. മാധവനുണ്ണി, പ്രിൻസിപ്പൽ എൻ. വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.