കേച്ചേരി: കേച്ചേരിയിലെ എസ്ബിഐയിൽ കവർച്ചാശ്രമം നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സദാൻ സർക്കാറിനെ ( 29) യാണ് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡൊ പോലീസും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ എട്ടിനു രാത്രിയാണ് എസ്ബിഐയുടെ കേച്ചേരിയിലെ ശാഖയിൽ കവർച്ചാ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ കമ്പി അറുത്തു മാറ്റി ഉള്ളിൽ കടന്ന് സ്ട്രോങ് റൂം തകർത്തു കവർച്ച നടത്താനായിരുന്നു ശ്രമം.
കവർച്ചാ കേസുകളിൽപ്പെട്ട ഇതര സംസ്ഥാനക്കാരെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും പറ്റിയ അന്വേഷണത്തിനൊടുവിലാണു സദാൻ സർക്കാർ പിടിയിലാകുന്നത്. ജനലിന്റെ കമ്പി കൊണ്ട് ഇയാളുടെ മുതുകിൽ മുറിവുണ്ടായതു ദേഹപരിശോധനയിൽ കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം സിഐ കെ.ജി. സുരേഷ്, എസ്ഐ ബാബു, ഷാഡൊ പോലീസിലെ എസ്്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, രാജൻ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് പിടികൂടിയത്.