നാദാപുരം: ഒമാൻ ഭരണാധികാരിയായിരുന്ന പരേതനായ സുൽത്താൻ ഖാബൂസിന്റെ ഓർമയ്ക്കായി എടച്ചേരി ക്ഷേത്രത്തിൽ ഒമാൻ പ്രവാസി മലയാളികളുടെ അന്നദാനം. എടച്ചേരിയിലെ കാക്കന്നൂർ മസ്ക്കറ്റ് പ്രവാസി കൂട്ടായ്മയാണ് വ്യത്യസ്തമായ മതേതര പാഠം പകരുന്നത്.
എടച്ചേരി കാക്കന്നൂർ ക്ഷേത്ര തിറമഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മസ്ക്കറ്റ് പ്രവാസികളുടെ സൗഹൃദകൂട്ടായ്മയാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താന്റെ ഓർമ്മയ്ക്കായി ഉച്ചഭക്ഷണം നൽകുന്നത്.
ഒരു വിദേശിയുടെ ഓർമ്മയ്ക്കായി ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നത് ആദ്യമായാണ്. 2017 ഫിബ്രവരി മൂന്നിന് അസുഖ ബാധിതനായിരുന്ന ഒമാൻ രാജാവായ ഖാബൂസിന്റെ ദീർഘായുസിനായി പൂജയും പ്രാർത്ഥനയും അന്നദാനവും ഒമാൻ പ്രവാസികളായ എടച്ചേരിക്കാർ ഇവിടെ നടത്തിയിരുന്നു.
ശനിയാഴ്ച കൊടിയേറുന്ന ക്ഷേത്രോത്സവം മൂന്നിന് വൈകുന്നേരം സമാപിക്കും. തിറയാട്ട സമാപന ദിവസമായ തിങ്കളാഴ്ച 12 മണി മുതൽ സുൽത്താൻ ഖാബൂസ് ബിൻ സായിദിന്റെ സ്മരണയ്ക്കായി സമൂഹസദ്യ നടക്കും. ഇതിൽ പങ്കെടുക്കാൻ നിരവധിപേർ എത്തിച്ചേരും.