ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതിയുടെ അനുഗ്രഹത്താൽ നിർധന യുവതിയായ വീണയ്ക്ക് മാംഗല്യഭാഗ്യം. കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്ര ഭാരവാഹികൾ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സഹായവും ഒഴുകിയെത്തി. നവദമ്പതിമാരെ അനുഗ്രഹിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ജനങ്ങളെത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം വിഷ്ണു വിലാസത്തിൽ എസ്.വീണയും കാരംകോട് ഉളിയനാട് ഹരികൃഷ്ണവിലാസത്തിൽ കെ.ഹരികൃഷ്ണനുമാണ് വിവാഹിതരായത്.
വീണയുടെ ബന്ധുക്കൾ ക്ഷേത്ര ഭരണ സമിതിയെ സമീപിക്കുകയായിരുന്നു. താലിമാലയും വിവാഹ വസ്ത്രത്രങ്ങളും വിവാഹ സമ്മാനമായി അര ലക്ഷം രൂപയും ക്ഷേത്ര ഭരണ സമിതി നല്കി.ഗംഭീരമായ വിവാഹസദ്യയും ഒരുക്കി.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശംസാ സന്ദേശം അയച്ചു.ജി.എസ്.ജയലാൽ എം.എൽ.എ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ദിപു, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.ഗിരി കു മാ ർ, ഗ്രാമ പഞ്ചായത്തംഗം എ.സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രമുഖ വ്യക്തികൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു.ഇവരെ വേദിയിൽ ആദരിക്കുകയും ചെയ്തു.
വിവാഹ ചടങ്ങുകൾക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പി.ബിജുലാൽ, സെക്രട്ടറി കെ.രവീന്ദൻ, ട്രഷറർ ആർ.നടരാജൻ, ഉത്സവ കമ്മിറ്റി കൺവീനർ എസ്.ലാൽ കുമാർ, മാംഗല്യ കമ്മിറ്റി കൺവീനർ ദിവ്യ എന്നിവർ നേതൃത്വം നൽകി. മാംഗല്യ നിധി സമ്മാനകൂപ്പൺ നറുക്കെടുപ്പും നടത്തി.മൂന്ന് പേർക്ക് ഓരോ പവൻ സ്വർണ്ണമാണ് സമ്മാനം.
ക്ഷേത്ര ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാത്രി 7.30-ന് സത്സംഗ് ഭജൻസ്, നാളെ വൈകുന്നേരം നിറമാല ചാർത്ത്, 5.30-ന് ആത്മീയ പ്രഭാഷണം 6 ന് ലക്ഷദീപം .ശബരിമല മുൻ മേൽശാന്തി ബാലമുരളി നമ്പൂതിരി ദീപം തെളിക്കും.10-ന് കാട്ടുമ്പുറം യോഗീശ്വരാലയത്തിലേക്ക്പള്ളിവേട്ട .എഴുന്നെള്ളത്ത്. വൈകുന്നേരം ആറ് മുതൽ ദീപാലങ്കാരം തുടങ്ങും.ഞായറാഴ്ച മകരഭരണി ഉത്സവവും ചാത്തന്നൂർ പൂരവും ഗജമേളയും.