ഡാളസ്: ബെൽറ്റ് ലൈൻ മോണ്ട്ഫോർട്ടിലെ വാൾമാർട്ടിനു മുമ്പിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന യുവതിയുടെ മുൻ കാമുകനെ ചൊവ്വാഴ്ച രാത്രി ഗ്രീൻ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.
ജനുവരി 27 നു രാത്രി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ (22) പിന്നിൽ നിന്നും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പോലീസ് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് എമിലിയുടെ മുൻ കാമുകനായ റഷാദ് കലീൽ മാറനെ (24) മരിച്ച നിലയിൽ ഗ്രീൻ വില്ലയിൽ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഡാളസിൽ ക്രൈം വർധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാൾ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിൽ നടന്ന കൊലപാതകം അധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. എമിലിയുടെ സഹോദരനാണ് “റഷാദ് കലീൽ’ സഹോദരിയുടെ മുൻ കാമുകനാണെന്ന് സ്ഥിരീകരിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ