കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരയിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നരവയസുകാരി മകൾ ആൽഫൈനെ കൊലപ്പെടുത്തിയതും സയനൈഡ് ഉപയോഗിച്ചെന്ന് പ്രാഥമിക രാസപരിശോധനാ ഫലം.
കോഴിക്കോട് റീജണൽ കെമിക്കൽ ലാബറട്ടറിയിൽ (ആർസിഎൽ) നടത്തിയ രാസപരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി അറിയുന്നു.
ഏതാനും ദിവസങ്ങൾക്കകം വിശദമായ രാസപരിശോധനാ റിപ്പോർട്ട് പോലീസിനു കൈമാറും. കോടഞ്ചേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ പൊന്നാമറ്റത്തിൽ കുടുംബകല്ലറയിൽനിന്ന് പോലീസ് ശേഖരിച്ച മൃതദേഹ സാന്പിളുകളിൽ ഒന്നാണ് കോഴിക്കോട് റീജണൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചത്.
ആൽഫൈനു ശേഷം സംസ്കരിച്ച അമ്മ സിലിയുടെ മൃതദേഹ അവശിഷ്ടത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞദിവസം ലാബ് റിപ്പോർട്ട് ലഭിച്ചിരുന്നു.
ഇതോടെ ജോളി കൊലപ്പെടുത്തിയ ആറുപേരിൽ ഭർത്താവ് റോയ് തോമസ്, രണ്ടാം ഭർത്താവ് പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലി, ഒന്നരവയസുകാരി മകൾ ആൽഫൈൻ എന്നിവരെ സയനൈഡ് നൽകി കൊലപ്പെടുത്തിയതാണെന്ന് നിസംശയം തെളിഞ്ഞിരിക്കയാണ്.
റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം ടോം തോമസ്, അന്നമ്മ ടീച്ചർ, അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു എന്നിവരുടെ രാസപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
ഇവരിൽ അന്നമ്മയെ ഡോഗ്കിൽ എന്ന മാരകവിഷം പ്രയോഗിച്ചും മറ്റു രണ്ടുപേരെ സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.