എടക്കര: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി, യുവാവ് അറസ്റ്റിലായി. ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടൻ അരുണ്‍കുമാറി(30) നെയാണ് പോത്തുകൽ എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പ്ലാസ്റ്റിക് പാത്രത്തിൽ പാകി കിളിർപ്പിച്ച നടാൻ പാകത്തിനുള്ള അൻപത്തിയഞ്ച് തൈകളും, സമീപത്തായി പച്ചക്കറി കൃഷി നടത്തുന്നതിനിടയിൽ കൃഷി ചെയ്ത രണ്ട് തൈകളുമടക്കം അൻപത്തിയേഴ് തൈകളാണ് സംഘം പിടിച്ചെടുത്തത്.
പ്ലാാസ്റ്റിക് പാത്രത്തിലുള്ള തൈകൾക്ക് ആറ് മുതൽ പതിനഞ്ച് സെന്റീമീറ്റർ വരെ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകൾക്ക് പതിനഞ്ച് സെന്റീമീറ്റർ ഉയരവുമാണ് ഉള്ളത്. സിവിൽ എൻജിനിയറായ അരുണ്‍കുമാർ തൃശൂരിൽ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി നടത്തിയത്.
അരുണ്‍കുമാറിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയിൽ ഹാജരാക്കി. തൈകളുടെ സാന്പിൾ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.
എഎസ്ഐ ജോണ്സണ്, പോത്തുകൽ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ശ്രീനിവാസൻ, സീനിയർ സിപിഒ സി.എ.മുജീബ്, സി.പി.ഒമാരായ സലീൽ, സുരേഷ്, മധു, കൃഷ്ണൻ, ജോബിനി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.