സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച പെണ്‍കുട്ടി നാട്ടിലെത്തി ഇടപഴകിയവരെല്ലാം ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ. 26 പേരുമായി ഈ പെണ്‍കുട്ടി ഇടപഴകിയിട്ടുണ്ടെന്നാണ് ഇതുവരെ മനസിലായിട്ടുള്ളത്.
ഇവരുടെ പട്ടിക തയാറാക്കി ഇവരെ നിരീക്ഷിക്കും. പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഉല്ലാസവതിയാണെന്നും ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
ചൈനയിൽനിന്നും വരുന്നവർ കാഷ്വാലിറ്റിയിൽ പോകരുത്…..
കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽനിന്നും കേരളത്തിലെത്തുന്നവർ ആശുപത്രികളിലെ കാഷ്വാലിറ്റികളിൽ പോകരുത്. ഇവർക്കായി സജ്ജമാക്കിയ ഐസൊലേഷൻ വാർഡുകളിലേക്കാണ് പോകേണ്ടത്.
കാഷ്വാലിറ്റികളിൽ മറ്റു രോഗികളുള്ളതിനാലാണ് ഈ നിർദേശം. ചൈനയിൽനിന്നെത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദേശപ്രകാരം മാത്രമേ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു വരാൻ പാടുള്ളൂ.
സംശയങ്ങളും ഭീതിയുമായി ഫോണ്‍കോളുകളുടെ പ്രവാഹം
കൊറോണ വൈറസ് സംബന്ധിച്ച സംശയങ്ങളും ഭീതിയുമായി കണ്ട്രോൾ റൂമുകളിലേക്കും ഡോക്ടർമാരുടെ ഫോണുകളിലേക്കും വിളികളുടെ പ്രവാഹം.
കൊറോണയുടെ ലക്ഷണങ്ങൾ പനിയും ചുമയും ശ്വാസംമുട്ടലും തൊണ്ടവേദനയുമാണെന്നതിനാൽ നിരവധി പേരാണ് തങ്ങൾക്കു പനിയും ചുമയുമുണ്ട്, ഇതു കൊറോണയാണോ എന്ന സംശയങ്ങളും പേടിയുമായി ഡോക്ടർമാരെ വിളിക്കുന്നത്.
കൊറോണ വൈറസ് ചൈനയിൽനിന്നെ ത്തിയവരിൽ മാത്രമാണ് ഇതുവരെയും സ്ഥിരീകരിച്ചതെന്നും പുറമെ ഈ രോഗം പടർന്നിട്ടില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും ബോധവത്കരിക്കുന്നതോടൊപ്പം സാധാരണ പനിയാണെങ്കിലും സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഡോക്ടറെ കാണണമെന്നും വിളിക്കുന്നവരെ അധികൃതർ ഉപദേശിക്കുന്നുണ്ട്.
തൃശൂരിനുപുറമെ പാലക്കാടുനിന്നും മലപ്പുറത്തുനിന്നും വിളികൾ വരുന്നതായി ഡോക്ടർമാർ പറഞ്ഞു.