ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി-20യിൽ സൂപ്പർ ഓവറിലൂടെ ജയം സ്വന്തമാക്കിയശേഷം മലയാളി താരം സഞ്ജു വി. സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സഞ്ജു പേടിയില്ലാതെ കളിക്കുന്ന ബാറ്റ്സ്മാനാണ്.
സഞ്ജുവിന്റെ അവസരമെന്ന് ഇതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് സഞ്ജുവിനെ അന്തിമ ഇലവണിൽ കളിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം പിച്ച് നന്നായി മനസിലാക്കുന്നതിന് മുന്പേ വന്പൻ ഷോട്ടിനുശ്രമിച്ച് സഞ്ജു പുറത്തായി.
പിച്ച് മനസിലാക്കുന്നതിൽ ബാറ്റിംഗ് നിരയിൽ ഞാനടക്കമുള്ള പലർക്കും തെറ്റ് പറ്റി. ബാറ്റിംഗ് നിരയിൽ എല്ലാവരും ലഭിച്ച മികച്ച തുടക്കം മുതലാക്കാതെയാണ് പുറത്തായത് – കോഹ്ലി പറഞ്ഞു.
സഞ്ജു വേണ്ടെന്ന്
സൂപ്പർ ഓവറിൽ കെ.എൽ. രാഹുൽ, സഞ്ജു വി. സാംസണ് എന്നിവരെ ഓപ്പണിംഗിന് ഇറക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ, പരിചയസന്പന്നായ താൻ ഇറങ്ങിയാൽ മതിയെന്ന് രാഹുൽ പറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു കോഹ്ലി വെളിപ്പെടുത്തി.
സഞ്ജുവിനേയും രാഹുലിനേയുമാണ് സൂപ്പർ ഓവറിൽ ബാറ്റിംഗിനായി ആദ്യം തീരുമാനിച്ചിരുന്നത്. ഇരുവരും നന്നായി പന്ത് സ്ട്രൈക്ക് ചെയ്യും എന്നതിനാലായിരുന്നു അത്. എന്നാൽ, ക്രീസിലറങ്ങും മുന്പ് ഞാൻ രാഹുലിനോട് സംസാരിച്ചു. സഞ്ജുവിനേക്കാൾ കൂടുതൽ അനുഭവസന്പത്ത് എനിക്കാണെന്നും അതുകൊണ്ട് ഞാൻ ഇറങ്ങിയാൽ മതിയെന്നും രാഹുൽ പറഞ്ഞു. ഇതോടെ തീരുമാനം മാറ്റുകയായിരുന്നു- കോഹ്ലി പറഞ്ഞു.
സൂപ്പർ ഓവറിൽ വിജയിച്ച രണ്ടു മത്സരങ്ങളിലും ഇതിലും മികച്ചൊരു ഫിനിഷിംഗ് ആരാധകർ പ്രതീക്ഷിച്ചിട്ടില്ല. ഇതിന് മുന്പ് നമ്മൾ സൂപ്പർ ഓവർ കളിച്ചിട്ടില്ല. എന്നിട്ടും തുടർച്ചയായ രണ്ട് സൂപ്പർ ഓവറിലും, അതും മൂന്നു ദിവസത്തിനിടയിൽ നമ്മൾ വിജയിച്ചു- കോഹ്ലി പറഞ്ഞു.