കാഞ്ഞിരപ്പള്ളി: കേരളത്തില്‍ കൂടുതല്‍ കളിക്കളങ്ങള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരം ഐ.എം. വിജയന്. കുന്നുംഭാഗം ഗവണ്മെന്റ് ഹൈസ്കൂള്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൈനലിൽ മാൻവെട്ടം സെന്റ് ജോര്‍ജ് എഫ്സിയെ 3 – 0 ന് തോല്‍പ്പിച്ച് ഏഥന്‍സ് എഫ്സി പനയ്ക്കപ്പാലം ജേതാക്കളായി. രഞ്ജു ജേക്കബ് ചാക്കോ കരിപ്പാപറമ്പില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 30000 രൂപയും വിജയികൾക്കും തോമസ് കെ. ഏബ്രഹാം പറമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 15000 രൂപയും റണ്ണേഴ്സ്പ്പിന് ലഭിച്ചു.
സമാപന സമ്മേളനത്തിൽ ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജേക്കബ് കരിപ്പാപറമ്പില്‍, ആന്റണി മാര്ട്ടിന്, ടോണി നെല്ലാംതടം, റോസമ്മ ടീച്ചർ, നോബിള്‍ മാത്യു, ജോസഫ് മൈക്കിള്‍ കരിപ്പാപറമ്പില്‍, മെഹര്‍ ഫിറോസ്, ജിമ്മി അക്കരകുളം, മാര്ട്ടിന് ജോണ്‍, ടോജി അഗസ്റ്റിന് നെല്ലാംതടം, ജോയി മുണ്ടാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
ടുർണമെന്റിലെ ബെസ്റ്റ് പ്ലേയറായി ഏഥന്‍സ് പനയ്ക്കപ്പാലത്തിന്റെ വിഷ്ണു മോഹന്‍, മികച്ച ഗോളിയായി അമല്‍ജ്യോതി കോളജിലെ അഖില്‍, എമെര്‍ജിംഗ് പ്ലേയറായി അമല്‍ജ്യോതി കോളജിലെ കെ. അശ്വിന്, മികച്ച ഡിഫന്ററായി ഏതെന്‍സ് പനയ്ക്കപ്പാലത്തിന്റെ അജയ് അലക്സ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.