ഇരിങ്ങാലക്കുട: അധികൃതരുടെ വീഴ്ചയെ തുടർന്ന് കനത്ത മഴയിൽ വീട് പൂർണമായും തകർന്ന കുടുംബത്തിന് സർക്കാർ തലത്തിലുള്ള സഹായങ്ങൾ ഒന്നും ലഭിക്കാത്ത അവസ്ഥയിൽ.
പടിയൂർ പഞ്ചായത്ത് 12-ാം വാർഡിൽ ഷണ്മുഖം ബണ്ടിൽ താമസിച്ചിരുന്ന കല്ലിക്കാടൻ രവിക്കും കുടുംബത്തിനുമാണ് ഈ ദുർഗതി. കഴിഞ്ഞ വർഷം ജൂണ്‍ 13 നാണ് തുടർച്ചയായ മഴയിൽ രവിയും ഭാര്യ സജിനിയും മക്കളായ അരുണും ആർദ്രയും താമസിച്ചിരുന്ന ഓടിട്ട വീട് പൂർണമായും തകർന്ന് വീണത്.
വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നതിനെ തുടർന്ന് വില്ലേജിൽ നിന്നുള്ള ഉദ്യോഗസ്ഥർ വന്ന് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പിന്നീട് രവിയും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
റേഷൻ കാർഡുമായി ബന്ധപ്പെട്ട കാര്യത്തിന് സപ്ലൈ ഓഫീസിൽ ചെന്ന ശേഷം താലൂക്ക് ഓഫീസിൽ അന്വേഷിച്ചപ്പോൾ വീടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും താലൂക്കിൽ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സജിനി പറഞ്ഞു.
തുടർന്ന് എടതിരിഞ്ഞി വില്ലേജ് ഓഫീസിൽ നിന്നും ഇതേ മറുപടിയാണ് ലഭിച്ചത്. തുന്നൽപ്പണിയിൽ നിന്നുള്ള സജിനിയുടെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം കഴിയുന്നത്. അധികൃതരുടെ വീഴ്ചയ്ക്ക് മുന്പിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സജിനിയും കുടുംബവും.
എന്നാൽ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വീട് തകർന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഞ്ചായത്തിലേക്ക് വിട്ടിരുന്നുവെന്നും വീടിന്റെ നഷ്ടം നിർണയിച്ചുകൊണ്ടുള്ള റിപ്പോർട്ട് താലൂക്ക് ഓഫീസിൽ ലഭിച്ചിരുന്നില്ലെന്നും നടപടികൾ സ്വീകരിച്ച് അർഹമായ സഹായം കുടുംബത്തിന് ലഭ്യമാക്കുമെന്നും തഹസിൽദാർ പറഞ്ഞു.