മെൽബണ്‍: എട്ടാം തവണയും ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം ചുണ്ടോടടുപ്പിച്ച് സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് ടെന്നീസ് ലോകത്തോട് വിളിച്ചു പറഞ്ഞു, താനാണ് ഓസ്ട്രേലിയൻ മാസ്റ്റർ എന്ന്. പുരുഷ സിംഗിൾസ് ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിന്റെ ശക്തമായ വെല്ലുവിളി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നായിരുന്നു ജോക്കോവിച്ചിന്റെ കിരീട ധാരണം.
ജോക്കോയുടെ കരിയറിലെ 17-ാം ഗ്രാൻസ്ലാം കിരീടമാണിത്. ഗ്രാൻസ്ലാം വേട്ടയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ (20), സ്പെയിനിന്റെ റാഫേൽ നദാൽ (19) എന്നിവരുമായുള്ള വ്യത്യാസം കുറയ്ക്കാനും ജോക്കോവിച്ചിന് ഇതോടെ സാധിച്ചു.
6-4, 4-6, 2-6, 6-3, 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കി തീം കിരീടം സ്വന്തമാക്കുമെന്ന പ്രതീതി ജനിപ്പിച്ചു.
കഴിഞ്ഞ വർഷം കിരീടം നേടിയപ്പോൾതന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ ഏറ്റവും അധികം തവണ സ്വന്തമാക്കിയ താരമെന്ന റിക്കാർഡ് ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, ഓസ്ട്രേലിയയുടെ റോയ് എമേഴ്സണ്‍ എന്നിവരാണ് ഓസ്ട്രേലിയൻ ഓപ്പണ്‍ നേട്ടത്തിൽ രണ്ടാമത് (ആറ് വീതം).
ഇരുപത്താറുകാരനായ തീമിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലായിരുന്നു. എട്ടാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനൽ കളിച്ചത്. എട്ട് തവണ ഫൈനലിലെത്തിയതിന്റെ റിക്കാർഡും സെർബ് താരം കുറിച്ചിരുന്നു.
ഹൃദയത്തിന്റെ ഭാഷ
ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തിൽ ജോക്കോവിച്ച് അന്തരിച്ച അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയാന്റിനെ അനുസ്മരിച്ചു. തന്റെ ജീവിതത്തോട് ഏറ്റവും അടുത്തുള്ള ആളായിരുന്നു കോബി എന്ന് സെർബ് താരം പറഞ്ഞു. 26-ാം തീയതിയായിരുന്നു കോബിയും പതിമൂന്നുകാരിയായ മകളും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ സ്മരണാർഥം KB 8- 24 എന്ന് എഴുതിയ ജാക്കറ്റ് ധരിച്ചാണ് ജോക്കോവിച്ച് കിരീടം സ്വീകരിക്കാൻ എത്തിയത്. ഓസ്ട്രേലിയയിലെ കാട്ടുതീയെത്തുടർന്ന് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ദുരിതമനുഭവിക്കുന്നവരെയും അനുസ്മരിക്കാനും ജോക്കോവിച്ച് മറന്നില്ല.
ഡബിൾസിൽ രാജീവ് – ജോ
അമേരിക്കയുടെ ജോ സാലിസ്ബറി – ഇന്ത്യൻ വംശജനായ രാജീവ് റാം സഖ്യത്തിന് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് കിരീടം. ഫൈനലിൽ ഓസ്ട്രേലിയയുടെ ലൂക്ക് സാവില്ലെ – മാക്സ് പഴ്സെൽ കൂട്ടുകെട്ടിനെയാണ് രാജീവ് – ജോ കൂട്ടുകെട്ട് കീഴടക്കിയത്. സ്കോർ: 6-4, 6-2.